ഒച്ചിന് പോലും ഇതിലും സ്പീഡുണ്ട് സാറേ..! ഒച്ചിനെ തോൽപ്പിക്കുന്ന വേഗത്തിൽ പൂവൻതുരുത്ത് മേൽപ്പാലം നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു; ഒരു വർഷമായിട്ടും നിർമ്മാണം പൂർത്തിയാകാത്തതിൽ മടുത്ത് നാട്ടുകാർ; നാട്ടുകാരുടെ പ്രതിഷേധം തേർഡ് ഐ ന്യൂസ് ലൈവിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: സാറേ സത്യത്തിൽ ഒച്ചിനു പോലും ഇതിലും സ്പീഡുണ്ട്. ആറു മാസം കൊണ്ടു നിർമ്മാണം പൂർത്തിയാക്കും എന്നു പ്രഖ്യാപിച്ച്, ഒരു വർഷം മുൻപ് പൊളിച്ചിട്ട പൂവൻതുരുത്ത് റെയിൽവേ മേൽപ്പാലമാണ് നാട്ടുകാരെ വട്ടംകറക്കി ഒച്ചിന്റെ പോലും വേഗത്തെ തോൽപ്പിക്കുന്നത്. പാലം ഇന്നു പൂർത്തിയാകും നാളെ പൂർത്തിയാകും എന്നു കാത്തിരുന്നു നാട്ടുകാരും മടുത്തു. വീഡിയോ ഇവിടെ കാണാം –
നിർമ്മാണ പ്രവർത്തനങ്ങൾ ഒരു വർഷത്തിലെത്തിയതോടെ ഇതോടെ പൂവൻതുരുത്ത് പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലായി. നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങുക കൂടി ചെയ്തതോടെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി കഴിഞ്ഞ ഡിസംബറിലാണ് പൂവൻതുരുത്ത് റെയിൽവേ മേൽപ്പാലം അറ്റകുറ്റപണികൾക്കായി പൊളിച്ചത്. എന്നാൽ, ഒരു വർഷമെത്തിയിട്ടും പാലത്തിന്റെ പൊളിക്കൽ പോലും ഇതുവരെയും പൂർത്തിയായിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കായംകുളം – കോട്ടയം ചിങ്ങവനം പാതഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായാണ് പാലം പൊളിച്ചത്. ചിങ്ങവനം – കഞ്ഞിക്കുഴി റോഡിലെ ഏറെ പ്രധാനപ്പെട്ട പാലമായിരുന്നു ഇത്. പതിനഞ്ചിലേറെ ബസുകളാണ് ഇതുവഴി സർവീസ് നടത്തിയിരുന്നത്. പാലം പൊളിച്ചിട്ടതോടെ ഒരു ബസുപോലും ഇതുവഴി കടന്നുപോകുന്നില്ല. ഇതോടെ യാത്രക്കാരും ബസുടമകളും ഒരുപോലെ ദുരിതത്തിലായി.
ചങ്ങനാശേരി ഭാഗത്തു നിന്നും എംസി റോഡിലൂടെ എത്തുന്ന വാഹനങ്ങൾക്ക് കോട്ടയം നഗരത്തിൽ പ്രവേശിക്കാതെ അതിവേഗം കെ.കെ റോഡിൽ കഞ്ഞിക്കുഴിയിൽ എത്തി യാത്ര തുടരാൻ സാധിക്കുന്ന പ്രധാന വഴിയായിരുന്നു ഇത്. അതുകൊണ്ടു തന്നെ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നു പോയിരുന്നത്. അതേസമയം മുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.