റോഡ് മുറിച്ച് കടക്കുന്നതിനിടെ മിനിലോറി തലയിലൂടെ കയറിയിറങ്ങി 103 കാരിയ്ക്ക് ദാരുണാന്ത്യം; സംഭവം ചങ്ങനാശേരി തൃക്കൊടിത്താനത്ത്: മൃതദേഹം റോഡിൽ കിടന്നത് 20 മിനിറ്റ്
അപ്സര കെ.സോമൻ
ചങ്ങനാശേരി: തൃക്കൊടിത്താനം വെങ്കോട്ടയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ മിനി ലോറി തലയിലൂടെ കയറിയിറങ്ങി 103 കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. മാടപ്പള്ളി കോളനി ഭാഗം പുത്തൻപറമ്പിൽ ചന്ദ്രൻ കുട്ടിയുടെ ഭാര്യ പെണ്ണമ്മയാണ് മരിച്ചത്. തലയിലൂടെ വാഹനത്തിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി മരിച്ച ഇവരുടെ മൃതദേഹം റോഡിൽ ഇരുപത് മിനിറ്റോളം കിടന്നു.
പൊലീസ് എത്തി പൊലീസ് വാഹനത്തിലാണ് മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30 നായിരുന്നു സംഭവം. വെങ്കോട്ടയിൽ നിന്നു ശാന്തിപുരം ഭാഗത്ത് പാചക വാതക സിലിണ്ടർ വിതരണം ചെയ്യുന്നതിനായി പോകുകയായിരുന്നു മിനി ലോറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയം പെണ്ണമ്മ റോഡരികിൽ ഇരിക്കുകയായിരുന്നു. ലോറി വരുന്നത് കണ്ട് മുന്നോട്ട് നീങ്ങിയ ഇവരെ വണ്ടി തട്ടി. പെണ്ണമ്മ ലോറിയ്ക്കടിയിലേയ്ക്കാണ് വീണത്. ശബ്ദം കേട്ട് ലോറി ഡ്രൈവർ നോക്കിയപ്പോഴാണ് ഇവരുടെ തലയിൽ വണ്ടി കയറിയത് കണ്ടത്. നാട്ടുകാർ ഓടിക്കൂടിയെങ്കിലും ആരും മൃതദേഹം റോഡിൽ നിന്ന് മാറ്റാൻ തയ്യാറായില്ല.
20 മിനിറ്റോളം മൃതദേഹം നടുറോഡിൽ കിടന്നു. തൃക്കൊടിത്താനം പൊലീസ് സ്ഥലത്ത് എത്തിയാണ് മൃതദേഹം മാറ്റിയത്. പൊലീസ് ജീപ്പിൽ തന്നെ ശരീരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ സാജു വർഗീസിന്റ നേതൃത്വത്തിലാണ് നടപടികൾ. മിനി ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.