Spread the love

കോട്ടയം: മലയാളത്തിലെ ആദ്യകാല സംഗീതസംവിധായകരായ
കെ രാഘവൻ , ദക്ഷിണാമൂർത്തി, ബാബുരാജ് , ദേവരാജൻ എം സ് വിശ്വനാഥൻ അർജ്ജുനൻ തുടങ്ങിയ പ്രതിഭകളുടെ മ്യൂസിക്കൽ കണ്ടക്ടറായിരുന്നു തമിഴ്നാട്ടിലെ കീഴാന്നൂർ സ്വദേശിയായ രാജഗോപാല കുലശേഖരൻ . എല്ലാവിധ സംഗീത ഉപകരണങ്ങളും വിദഗ്ധമായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന്റെയുള്ളിൽ ഒരു സംഗീതസംവിധായകൻ കൂടിയുണ്ടായിരുന്നു.

video
play-sharp-fill

എന്നാൽ പ്രഗൽഭ സംഗീതസംവിധായകരുടെ
മ്യൂസിക് അറേഞ്ചർ ആയതിനാലാകണം ഈ ശുദ്ധനായ മനുഷ്യന് ഒരു അവസരം നൽകാൻ ആരും തയ്യാറായില്ല.

ആ പ്രശ്നം പരിഹരിക്കപ്പെട്ടത്
1964 – ൽ കുഞ്ചാക്കോ കേരളത്തിലെ ചരിത്രപുരുഷനായ പഴശ്ശിരാജയുടെ ജീവിതകഥ ചലച്ചിത്രമാക്കിയപ്പോഴാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ചിത്രത്തിന്റെ സംഗീതസംവിധാനം കുഞ്ചാക്കോ രാജഗോപാല കുലശേഖരനെ ഏല്പിച്ചു.
കിട്ടിയ അവസരം കുലശേഖരൻ പാഴാക്കിയില്ല .

വളരെ മനോഹരമായി തന്നെ അദ്ദേഹം പഴശ്ശിരാജയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തി. ചിത്രത്തിലെ

“ചൊട്ട മുതൽ ചുടല വരെ
ചുമടും താങ്ങി …..”

എന്ന ഗാനം അക്കാലത്തെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായി മാറി .
പിന്നീട് 22 ചിത്രങ്ങളിലൂടെ 121 ഗാനങ്ങൾ മലയാളത്തിന് സംഭാവന ചെയ്ത രാജഗോപാല കുലശേഖരനാണ്
ആർ കെ ശേഖർ എന്ന പേരിൽ പ്രശസ്തനായത്.

എങ്കിലും മലയാളചലച്ചിത്രസംഗീത രംഗത്തെ ഒരു സജീവ സാന്നിധ്യമാകാൻ ശേഖറിന് കഴിഞ്ഞില്ല .

വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് ടാക്സികാർ , അനാഥ ശില്പങ്ങൾ ,യുദ്ധഭൂമി ,താമരത്തോണി ,നടീനടന്മാരെ ആവശ്യമുണ്ട് ,തിരുവാഭരണം, മിസ്മേരി ,പെൺപട , ചോറ്റാനിക്കര അമ്മ ഇങ്ങനെ ഏതാനും ചില ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിക്കാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായത്.
ഈ ചിത്രങ്ങളിലെ ഒട്ടുമിക്ക ഗാനങ്ങളിലും സ്വന്തം കൈയൊപ്പ് ചാർത്താൻ
ആർ കെ ശേഖറിന് കഴിഞ്ഞു.

“കത്താത്ത കാർത്തിക വിളക്കു പോലെ … ”
(അനാഥ ശില്പങ്ങൾ)

“മാൻമിഴികളിടഞ്ഞു
തേൻ ചൊടികളുണർന്നു…”
(സുമംഗലി )

“പടർന്നു പടർന്നു പടർന്നു
കയറി പ്രേമം …
(യോഗമുള്ളവൾ –
ഈ ഗാനം എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മലയാളത്തിലെ രണ്ടാമത്തെ ആലാപനമായിരുന്നു )

” പ്രിയേ നിനക്ക് വേണ്ടി … ”
( കണ്ടവരുണ്ടോ )

“ജന്മബന്ധങ്ങൾ വെറും ജലരേഖകൾ … ”
( വെളിച്ചം അകലെ )

” തലക്കു മുകളിൽ വെൺകൊറ്റക്കുട
പിടിച്ചു നിൽക്കും വാനം ..”
( തിരുവാഭരണം )

“മണിവർണ്ണനില്ലാത്ത വൃന്ദാവനം
മധുമാസം പുണരാത്ത പൂങ്കാവനം..”
(മിസ് മേരി )

“ആരോരുമില്ലാത്ത തെണ്ടീ
ആറടി മണ്ണിന്റെ ജന്മി …”
(ആറടി മണ്ണിന്റെ ജന്മി )

“ആഷാഢമാസം
ആത്മാവിൽ മോഹം …. ”
(യുദ്ധഭൂമി )

” താമരപ്പൂ നാണിച്ചു നിന്റെ തങ്കവിഗ്രഹം വിജയിച്ചു …”
( ടാക്സികാർ )

“മനസ്സു മനസ്സിന്റെ കാതിൽ … ”
( ചോറ്റാനിക്കര അമ്മ )

“അച്ഛൻ കോവിലാറ്റിലെ കൊച്ചോളങ്ങളെ … ”
( അനാഥ ശില്പങ്ങൾ )

എന്നിവയെല്ലാം
ആർ കെ ശേഖർ സംഗീതം പകർന്ന് മലയാളത്തിന് ലഭിച്ച അപൂർവ്വ സുന്ദര ഗാനങ്ങളാണ്.

ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ മലയാള ചലച്ചിത്രവേദിക്ക് സംഭാവന ചെയ്തിട്ടും വേണ്ടത്ര അംഗീകാരങ്ങളോ സാമ്പത്തിക ഭദ്രതയോ നേടാൻ ഈ സംഗീതസംവിധായകനന് കഴിഞ്ഞില്ല.

1975 -ൽ പുറത്തിറങ്ങിയ
“പെൺപട ” എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നതിന് സഹായിയായി പ്രവർത്തിച്ചത്
അന്ന് വെറും 10 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകൻ
ദിലീപ് കുമാറാണ് .

ദിലീപ് സംഗീത സംവിധാനം നിർവ്വഹിക്കുകയും വിൻസെൻറ് നായകനായി അഭിനയിക്കുകയും ചെയ്ത “പെൺപട ” യിലെ

“വെള്ളിത്തേൻ കിണ്ണം പോൽ വെണ്ണക്കൽശില്പം പോൽ ….”

എന്ന പ്രസിദ്ധ ഗാനത്തിന് ഒരു ചരിത്ര പ്രാധാന്യമുണ്ട് .
ആ ഗാനത്തിന് സംഗീതം പകർന്ന
10 വയസ്സുകാരനായ കൊച്ചു സംഗീതസംവിധായകൻ
വളർന്നു വളർന്ന് ലോക പ്രശസ്തി നേടി സംഗീതലോകത്തെ ഇതിഹാസമായി മാറി .

ഇന്ന് ലോക സംഗീതഭൂപടത്തിൽ അദ്ദേഹം അറിയപ്പെടുന്നത്
എ ആർ റഹ് മാൻ എന്ന സംഗീത മാന്ത്രികനായാണ് .

തിരക്കേറിയ ജീവിത സമരത്തിനിടയിൽ വന്നുകയറിയ ചില ആരോഗ്യപ്രശ്നങ്ങൾ
ആർ കെ ശേഖറിനെ രോഗിയാക്കി തീർത്തു .
വെറും നാല്പത്തി മൂന്നാമത്തെ വയസ്സിൽ കൃത്യമായി പറഞ്ഞാൽ 1976 സെപ്തംബർ 30-ന്
ആർ കെ ശേഖർ ഈ ലോകത്തോടു യാത്ര പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കുടുംബരക്ഷകനായത് സംഗീതസംവിധായകൻ അർജ്ജുനൻ മാസ്റ്ററായിരുന്നു.

പിന്നീട് എപ്പോഴോ ഒരു മുസ്ലിം സൂഫിവര്യൻ ഈ കുടുംബവുമായി സൗഹൃദം സ്ഥാപിക്കുകയും അവർ എല്ലാവരും
ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയുമുണ്ടായി . അതോടെ ആർ കെ ശേഖറിന്റെ കുടുംബം
എ ആർ റഹ് മാന്റെ കുടുംബം എന്ന പേരിൽ അറിയപ്പെടുകയും ഇപ്പോൾ മുസ്ലിം മതവിശ്വാസം പിന്തുടരുകയും ചെയ്യുന്നു.

കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ ജീവിച്ച ഇദ്ദേഹത്തിന്റെ കുടുംബം ഇന്ന് ശതകോടികളുടെ അവകാശികളായി മാറിയെങ്കിലും ആ സമൃദ്ധി അനുഭവിക്കാൻ
ആർ കെ ശേഖറിന് യോഗമുണ്ടായില്ല.

മഹാജ്ഞാനിയായ പൂന്താനത്തിന്റെ വരികളാണ് ഓർമ്മവരുന്നത് .

“രണ്ടുനാലുദിനം
കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ … ”
ഇന്ന് ആർ കെ ശേഖറിന്റെ
ഓർമ്മദിനം .
പ്രണാമം…