play-sharp-fill
ഐക്യം ഉണ്ടാക്കാൻ ചുരം കയറി, ഒടുവിൽ നേതൃത്വത്തിനിടയില്‍ ഭിന്നത രൂക്ഷം! പ്രശ്നം വഷളാക്കരുതെന്ന് ചെന്നിത്തല; പാര്‍ട്ടിയില്‍ നേതാക്കള്‍ക്ക് ക്ഷാമമില്ലെന്ന് കെ.മുരളീധരൻ; ജേഷ്ഠാനുജനിടയിലെ തര്‍ക്കമെന്ന് എം.കെ രാഘവൻ

ഐക്യം ഉണ്ടാക്കാൻ ചുരം കയറി, ഒടുവിൽ നേതൃത്വത്തിനിടയില്‍ ഭിന്നത രൂക്ഷം! പ്രശ്നം വഷളാക്കരുതെന്ന് ചെന്നിത്തല; പാര്‍ട്ടിയില്‍ നേതാക്കള്‍ക്ക് ക്ഷാമമില്ലെന്ന് കെ.മുരളീധരൻ; ജേഷ്ഠാനുജനിടയിലെ തര്‍ക്കമെന്ന് എം.കെ രാഘവൻ

തിരുവനന്തപുരം: ഐക്യത്തിനായുള്ള വയനാട് കോണ്‍ക്ലേവിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ രൂപപ്പെട്ട ഭിന്നത കടുക്കുന്നു.

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പക്ഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ വികാരം പ്രകടിപ്പിച്ചതോടെ മിഷൻ 2025ന്റെ നടത്തിപ്പില്‍ നിന്ന് വി.ഡി സതീശൻ പിന്മാറി. ഈ സാഹചര്യത്തില്‍ അനുനയ നീക്കങ്ങളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

സർക്കാരിനെതിരായ ജനവികാരം ശക്തമാണെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ വ്യക്തമായതാണെന്നും, അത് മനസ്സിലാക്കി കോണ്‍ഗ്രസ് ഒരുമിച്ച്‌ പോകണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പാർട്ടിക്കിടയിലെ അഭിപ്രായ വ്യത്യാസം ചർച്ചയിലൂടെ പരിഹരിക്കും, എല്ലാവരും യോജിച്ച്‌ പോകണമെന്നാണ് ആഗ്രഹം. കോണ്‍ഗ്രസിന്റെ തിരിച്ചുവരവാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വയനാട്ടിലെ കോണ്‍ക്ലേവ് വിജയമായിരുന്നു. ഒരുമിച്ച്‌ ഒറ്റക്കെട്ടായി പോകണമെന്നതാണ് നയം. ഒന്നിച്ച്‌ മുന്നോട്ട് പോകേണ്ട സാഹചര്യമാണിപ്പോഴുള്ളത്. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച്‌ മുന്നോട്ട് പോകണം. പാർട്ടിക്കകത്ത് ചർച്ച ചെയ്യുന്നത് പുറത്തുപറയാൻ പാടുള്ളതല്ല, പ്രശ്നം വഷളാക്കുന്നതും ശരിയല്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പാർട്ടിയില്‍ തർക്കമില്ലെന്ന നിലപാടിലാണ് കെ. മുരളിധരൻ. യോഗങ്ങള്‍ ചെരുന്നത് തെറ്റ് ചൂണ്ടിക്കാട്ടിനാണെന്നും അദ്ദേഹം പറഞ്ഞു. നടക്കാത്ത കാര്യങ്ങളാണ് ചിലർ നടന്നുവെന്ന് പറയുന്നത്. അത് ഗുണകരമല്ല. നേതാക്കൻമാർക്ക് ക്ഷാമമുള്ള പാർട്ടിയല്ല കോണ്‍ഗ്രസ്. തിരുത്തേണ്ടവർ തിരുത്തും. വിമർശനം മോശമല്ല. ഇന്നലെ നടന്ന യോഗത്തില്‍ സതീശൻ പങ്കെടുക്കാത്തത് കൊണ്ട് പാർട്ടിക്ക് എന്തെങ്കിലും പ്രശ്നമുണ്ടായോ? ഈ തർക്കമൊന്നും തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

ഏത് വീട്ടിലാണ് പ്രശ്നം ഇല്ലാത്തതെന്ന മറുചോദ്യം ഉന്നയിച്ചായിരുന്നു എംപി എംകെ രാഘവൻ വിഷയത്തെ അഭിമുഖീകരിച്ചത്. ഏട്ടൻ-അനിയന്മാർ തമ്മില്‍ തർക്കമുണ്ടാകുന്നത് സ്വാഭാവികമാണ്. ഇതൊന്നും പാർട്ടിയേയോ തദ്ദേശ തെരഞ്ഞെടുപ്പിനേയോ ബാധിക്കില്ല. വിഷയം കെട്ടടങ്ങും. കെപിസിസിയില്‍ നിലനില്‍ക്കുന്ന തർക്കത്തില്‍ ഹൈക്കമാൻഡ് ഇടപെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. പാർട്ടിയില്‍ പുകയും തീയുമില്ലെന്നും മാദ്ധ്യമങ്ങള്‍ ഇനി കത്തിക്കാതിരുന്നാല്‍ മതിയെന്നുമായിരുന്നു എംപിയുടെ പ്രതികരണം.