
ഈരാറ്റുപേട്ട: റമസാനിലെ നോമ്പുതുറയിലും ഇരുപെരുന്നാളിനും വിവാഹ സൽക്കാരങ്ങളിലും വീടുകളിലെ പ്രധാന വിഭവം പത്തിരി തന്നെ. പത്തിരി ഇല്ലാതെ ഇഫ്താറുകളോ ആഘോഷങ്ങളോ ഇല്ല.
പേസ്ട്രി എന്നു അർത്ഥം വരുന്ന അറബി വാക്കായ ഫതീരയിൽനിന്നുമാണ് പത്തിരി എന്ന വാക്കിൻ്റ ഉത്ഭവം. മാത്രമല്ല മലബാറിൽ ഉണ്ടായിരുന്ന അറബികളിൽനിന്നാണ് പത്തിരി ഉത്ഭവിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു. അരിപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പലഹാരമാണ് പത്തിരി.
പത്തിരി ഉണ്ടാക്കുന്നതിലും വേണം സൂക്ഷമതയും കൃത്യതയും. ആദ്യം പച്ചരി പൊടിച്ച് വറക്കും. പിന്നീട് ഇത് അരിപ്പയിൽ തരിയില്ലാതെ തെള്ളിയെടുക്കും. ഇങ്ങനെ കിട്ടുന്ന മാവ്. ചൂടുവെള്ളത്തിൽ കുഴച്ച് ചെറു ഉരുളകളാക്കും. പിന്നീട് ചപ്പാത്തി പ്രസിൽ വെച്ച് പരത്തും. പിന്നെ ചപ്പാത്തികല്ലിലിട്ട് ചുട്ട് എടുക്കുന്നതോടെ പത്തിരി റെഡി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാവിന്റെ മൃദുലതയും കൃത്യതയോട് കൂടിയ വേവും ഒത്തുചേർന്നാൽ മാത്രമേ പത്തിരി പത്തിരിയാകൂ. ഇന്ന് വിപണിയിൽ മിഷ്യൻ പത്തിരി സുലഭമാണ്. എന്നാൽ, മാവ് കുഴച്ച് കൈവെച്ച് ഉണ്ടാക്കുന്ന കൈപ്പത്തിരിയുടെ മൃദുലതയും രുചിയും ഇതിനുണ്ടാകണമെന്നില്ല.
അൽപം പ്രയാസം സഹിച്ച് വീട്ടിൽ പാകം ചെയ്തിരുന്ന പത്തിരിയാണ് കൂടുതൽ രുചികരമെന്ന് വീട്ടമ്മമാർ പറയുന്നു. കടകളിലും റോഡ് വക്കിലെ വാഹനങ്ങളിൽ നിന്ന് വരെയും പത്തിരി വാങ്ങാൻ ലഭിക്കും. എന്നാൽ, മെഷീൻ നിർമിത നൈസ് പത്തിരിക്ക് വീട്ടിൽ പാകം ചെയ്യുന്ന നാടൻ പത്തിരിയുടെ രുചി ഇല്ലാ.
ഹോം ഡെലിവറിയിൽ ഓർഡർ നൽകിയാൽ ആവശ്യമുള്ള പത്തിരി വീട്ടിൽ എത്തിക്കുന്ന ധാരാളം ചെറുകിട വ്യവസായ യൂണിറ്റുകൾ ഈരാറ്റുപേട്ടയിലുണ്ട്. പത്തിരിയും കോഴി ഇറച്ചിയും സൽക്കാരങ്ങളിലും നോമ്പ് തുറകളിലും മറ്റും വ്യാപകമായി മുസ്ലിങ്ങൾക്കിടയിൽ ഉപയോഗിച്ചുവരുന്ന ഒരു ഭക്ഷണ വിഭവമാണ്.
ചില പ്രദേശങ്ങളിൽ പത്തിരി തേങ്ങാപ്പാലിൽ മുക്കിയെടുത്ത് മൃദുവാക്കിയാണ് ആഹരിക്കാറുള്ളത്. നെയ് പത്തിരി, പൊരിച്ച പത്തിരി, മീൻ പത്തിരി, ഇറച്ചി പത്തിരി എന്നിവ പത്തിരിയുടെ വിവിധ വൈവിദ്ധ്യങ്ങളാണ്.







