
കൈമ അരിയുടെ വില കുതിച്ചുയരുന്നു; പൊതുവിപണിയിൽ 160 രൂപ വരെ
കോഴിക്കോട്: നമ്മുടെ നാട്ടിലെ ജനപ്രിയ ഭക്ഷണങ്ങളിൽ ഒന്നാണ് ബിരിയാണി. കൊതിയൂറും മണവും രുചിയുമുള്ള ബിരിയാണി കഴിക്കണമെങ്കില്‍ ഇനി പോക്കറ്റ് കാലിയാവും. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൈമ അരിയുടെ വില കുതിച്ചുയർന്നു.
കോഴിക്കോട് മൊത്തവിപണയില്‍ ഒരു കിലോ കൈമ അരിയുടെ വില 140 രൂപയാണ്. ഒരു മാസം മുമ്പ് 115 രൂപയായിരുന്നു അരിയുടെ വില എന്നാൽ പെട്ടെന്ന് വർധിക്കുകയായിരുന്നു. പൊതുവിപണിയില്‍ ഇത് 160 വരെയായി. കൈമ അരി പ്രധാനമായും ഉല്‍പാദിപ്പിക്കുന്നത് പശ്ചിമ ബംഗാളിലെ ബർധ്മാൻ ജില്ലയിലാണ്. ഇവിടെ മഴ മൂലം ഉല്‍പാദനം ഗണ്യമായി കുറഞ്ഞതാണ് ഈ വില വർദ്ധനവിന് കാരണം.
കൈമ അരിക്ക് ആവശ്യക്കാർ കൂടുതലായി ഉള്ളത് കേരളത്തിലും ജി.സി.സി രാജ്യങ്ങളിലുമാണ്.
കേരളത്തില്‍ ബിരിയാണിക്ക് പൊതുവേ ഉപയോഗിക്കുക കൈമ അരി തന്നെയാണ്. ബസുമതി, കോല തുടങ്ങിയ അരികൾ വിപണിയിൽ ലഭിക്കുമെങ്കിലും കൈമയുടെ മണവും രുചിയും കാരണം അതിനാണ് ആവശ്യക്കാർ ഏറെയും.
അരി ഇറക്കുമതി ബംഗാളില്‍നിന്ന് കുറഞ്ഞതായി കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരികള്‍ പറഞ്ഞു. കേന്ദ്ര സർക്കാർ കയറ്റുമതി നിരോധനം ഒഴിവാക്കി വിദേശ രാജ്യങ്ങളിലേക്ക് അരി കയറ്റിയയക്കുന്നതും വില വർധനക്ക് ഒരു കാരണം തന്നെയെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. വിളവെടുപ്പ് കഴിഞ്ഞ് ഒരു വർഷത്തിലധികം പഴക്കമുള്ള അരിക്കാണ് കൂടുതല്‍ രുചി. അതുകൊണ്ട് ബംഗാളില്‍ നിന്ന് വരുന്നതും ഇത്തരത്തില്‍ ഒരു വർഷത്തിലധികം പഴക്കമുള്ള അരിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
