ആർജി കർ ആശുപത്രിക്ക് നേരെ അതിക്രമമുണ്ടായ സംഭവം ; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Spread the love

കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ ആർജി കർ ആശുപത്രിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

video
play-sharp-fill

സർക്കാർ സംവിധാനത്തിന്‍റെ സമ്ബൂർണ പരാജയം എന്നാണ് കോടതിയുടെ വിമർശനം. ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്.

പൊലീസിന് സ്വയം സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കില്‍ പിന്നെ ഡോക്ടർമാർക്ക് എങ്ങനെ നിർഭയമായി പ്രവർത്തിക്കാനാകുമെന്ന് കോടതി ചോദിച്ചു. ആശുപത്രി അടച്ചുപൂട്ടുമെന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച്‌ ലഭിച്ച ഇ മെയിലുകളുടെ അടിസ്ഥാനത്തിലാണ് വിഷയം പരിഗണിച്ചതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലപ്പോഴും നിരോധനാജ്ഞ (144) പ്രഖ്യാപിക്കാറുണ്ട്. ഇങ്ങനെയൊരു സംഭവമുണ്ടാകുമ്ബോള്‍ ആ സ്ഥലം വളഞ്ഞ് സുരക്ഷ ഉറപ്പാക്കണമായിരുന്നു. എങ്കില്‍ 7000 പേർക്ക് നടന്നുവന്ന് ഇങ്ങനെ അക്രമം കാണിക്കാൻ കഴിയുമായിരുന്നോയെന്ന് കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങള്‍ ഡോക്ടർമാരുടെയും ആശുപത്രിയിലെ ജീവനക്കാരുടെയും ആത്മവീര്യത്തെയും ആത്മവിശ്വാസത്തെയും സാരമായി ബാധിക്കും.

അക്രമങ്ങളെ ഭയക്കാതെ ആരോഗ്യ പ്രവർത്തകർക്ക് അവരുടെ ചുമതലകള്‍ നിർവഹിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാരെ എല്ലാം ഉടൻ പിടികൂടും എന്ന് സിബിഐ ഉറപ്പ് നല്‍കിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും രാജ്യം മുഴുവൻ പ്രതിഷേധത്തില്‍ ഒപ്പം നില്‍ക്കുന്നവർക്ക് നന്ദിയെന്നും പിതാവ് പറഞ്ഞു. ഇതിനിടെ കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി വേണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധം നയിക്കും. ഇന്ന് വൈകിട്ടാണ് മമത ബാനര്‍ജിയുടെ റാലി. സിബിഐ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ റാലി.