പ്രളയക്കെടുതിയിൽ തമിഴ്‌നാട് നൽകിയ സഹായം മുക്കി: പൂഴ്ത്തിയത് രണ്ടു ലോഡ് വസ്തുക്കൾ; ഒരാൾക്കും നൽകാതെ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത് എം.ടി സെമിനാരി സ്‌കൂൾ വളപ്പിൽ; നാട് നെട്ടോട്ടമോടുമ്പോൾ കിട്ടിയതെല്ലാം പൂഴ്ത്തി വച്ച് റവന്യു വകുപ്പ്
ശ്രീകുമാർ
കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതത്തിൽ മുങ്ങിയ കോട്ടയം ജില്ലയ്ക്ക് ദുരിതാശ്വാസ സഹായമായി തമിഴ്‌നാട് നൽകിയ രണ്ടു ലോഡ് ഭക്ഷ്യ വസ്തുക്കൾ മുക്കി. രണ്ടു ദിവസം മുൻപ് ജില്ലയിലെത്തിയ ഭക്ഷ്യ വസ്തുക്കളാണ് ഒരു ക്യാമ്പിൽ പോലും നൽകാതെ പൂഴ്ത്തി വച്ചിരിക്കുന്നത്. വില്ലേജ് ഓഫിസർമാരുടെ റിപ്പോർട്ട് അനുസരിച്ച് സാധനങ്ങൾ നൽകുമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ഇതൊന്നും ഇതുവരെയും ആവശ്യക്കാരന്റെ കൈകളിൽ എത്തിയിട്ടില്ല. സംസ്ഥാനം നേരിടുന്ന കൊടിയ പ്രളയത്തിൽ രക്ഷാകരങ്ങളുമായി വിവിധ സംസ്ഥാനങ്ങൾ എത്തുമ്പോഴാണ് കിട്ടിയ സാധനങ്ങൾ പോലും കൃത്യമായി വിതരണം ചെയ്യാതെ റവന്യു വകുപ്പിന്റെ അനാസ്ഥ.
മൂന്നു ദിവസം മുൻപാണ് നഗരമധ്യത്തിലെ എം.ടി സെമിനാരി സ്‌കൂൾ തമിഴ്‌നാട് സർക്കാരിന്റെ ദുരിതാശ്വാസ സഹായം അടങ്ങിയ സാധനങ്ങളുമായി രണ്ടു ലോറികൾ എത്തിയത്. ഈ രണ്ടു ലോറികളും എം.ടി സെമിനാരി സ്‌കൂളിന്റെ വളപ്പിൽ പാർക്ക് ചെയ്തിരിക്കുകയാണ്. ഇതിനുള്ളിലെ സാധനങ്ങൾ സ്‌കൂൾ കെട്ടിടത്തിൽ തയ്യാറാക്കിയ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്. അരി, പലവ്യജ്ഞനങ്ങൾ, പച്ചക്കറികൾ, കുടിവെള്ളം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയാണ് തമിഴ്‌നാട് സർക്കാർ വിതരണം ചെയ്തിരിക്കുന്നത്. ഈ വസ്തുക്കൾ വില്ലേജ് ഓഫിസർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ക്യാമ്പുകളിലേയ്ക്ക് വിതരണം ചെയ്യുകയാണ് രീതി. ജില്ലാ തലത്തിൽ ഇതിന്റെ കോ ഓർഡിനേഷനായി ഡെപ്യൂട്ടി കളക്ടർ പ്രേമലതയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
രണ്ടു ലോഡ് സാധനങ്ങൾ ജില്ലയിൽ എത്തിയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തേർഡ് ഐ ന്യൂസ് സംഘം ഇവിടെ എത്തി പരിശോധന നടത്തുകയും, ഡെപ്യൂട്ടി കളക്ടറുമായി സംസാരിക്കുകയും ചെയ്തു. തിങ്കളാഴ്ച മാത്രമാണ് തനിക്ക് ചുമതല ലഭിച്ചതെന്നും മറ്റ് വിവരങ്ങൾ അറിയില്ലെന്നും ഇവർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. തുടർന്നു നടത്തിയ പരിശോധനയിലാണ് സാധനങ്ങൾ കണ്ടെത്തിയത്. ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പിലും രണ്ടു ദിവസം പൂർണമായും വിതരണം ചെയ്യാൻ സാധിക്കുന്ന രീതിയിൽ അവശ്യ വസ്തുക്കൾ ഇവിടെ സ്റ്റോക്കുണ്ട്. ഈ സാധനങ്ങളാണ് ഇപ്പോൾ ആർക്കും നൽകാതെ കൂട്ടി വച്ചിരിക്കുന്നത്. ആവശ്യത്തിന് ഭക്ഷ്യ വസ്തുക്കൾ ലഭിക്കാതെ പൊലീസും വിവിധ സന്നദ്ധ സംഘടനകളും നെട്ടോട്ടമോടുമ്പോഴാണ് സർക്കാർ സംവിധാനങ്ങൾ തന്നെ ഇത് പൂഴ്ത്തിവച്ച് ആളുകളെ കബളിപ്പിക്കുന്നത്.
മറ്റൊരു സർക്കാർ തന്നെ നൽകി സഹായങ്ങൾ ഇത്തരത്തിൽ അന്യാധീനപ്പെടുത്തുന്നത് സഹായം നൽകാൻ തയ്യാറാകുന്നവരെപ്പോലും നിരുത്സാഹപ്പെടുത്തും. ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർ അടിയന്തരമായി ഇടപെട്ട് വിഷയം പഠിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group