മാർക്കറ്റിലെ പച്ചക്കറി കൊള്ള: കർശന നടപടികളുമായി ഏറ്റുമാനൂർ പൊലീസും

മാർക്കറ്റിലെ പച്ചക്കറി കൊള്ള: കർശന നടപടികളുമായി ഏറ്റുമാനൂർ പൊലീസും

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: പ്രളയത്തിന്റെ മറവിൽ പച്ചക്കറി അടക്കമുള്ള വസ്തുക്കൾക്ക് വിലകൂട്ടി പൊതുജനത്തെ കൊള്ളയടിക്കാനുള്ള കച്ചവടക്കാരുടെ തന്ത്രത്തിന് വിലങ്ങിട്ട് ഏറ്റുമാനൂർ പൊലീസും. രണ്ടു ദിവസം കൊണ്ട് ആകാശം മുട്ടേ വളർന്ന വില പിടിച്ചു നിർത്താൻ കർശന നടപടികളുമായാണ് പൊലീസ് രംഗത്തിറങ്ങിയിരിക്കുന്നത്. കൃത്രിമ ക്ഷാമമുണ്ടാക്കി, വില വർധിപ്പിക്കാനുള്ള നീക്കത്തിന് തടയിടാൻ ഏറ്റുമാനൂർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിൽ കർശന നിരീക്ഷണ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഏറ്റുമാനൂരിലെ പച്ചക്കറി കടകളിൽ പരിശോധന നടത്തി. പച്ചക്കറികളിൽ പച്ചമുളകിന് 300 രൂപയാണ് കിലോയ്ക്ക് ഈടാക്കിയിരുന്നത്. തക്കാളിക്ക് നൂറു രൂപയും, സവോളയ്ക്ക് അറുപത് രൂപയും അമിത വില ഈടാക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. വില അടിയന്തിരമായി കുറയ്ക്കുന്നതിനും, കടകളുടെ മുന്നിൽ വില വിവരപ്പെട്ടിക പ്രദർശിപ്പിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം പച്ചക്കറി വാങ്ങുന്നവർക്കെല്ലാം കടകളിൽ നിന്നു ബിൽ നൽകാനും നിർദേശം നൽകി. വില വർധവ് നിയന്ത്രിക്കുന്നതിനായി പൊലീസിന്റെ കർശന നിരീക്ഷണവും നിയന്ത്രണവുമുണ്ടാകുമെന്നു ഏറ്റുമാനൂർ സി.ഐ എ.ജെ തോമസ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.