
അധികാരത്തിലേറി ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ കർണാടകയിൽ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ പ്രതിസന്ധി. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി തനിക്ക് കിട്ടിയ വകുപ്പിൽ അതൃപ്തി പരസ്യമാക്കി. മന്ത്രിസ്ഥാനം രാജിവെച്ചേക്കുമെന്ന് ഇദ്ദേഹം നേതൃത്വത്തെ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബെംഗളൂരു നഗരത്തിന്റെ ചുമതലയുള്ള ‘ബെംഗളൂരു വികസന വകുപ്പ്’ തനിക്ക് ലഭിക്കുമെന്നാണ് രാമലിംഗ റെഡ്ഡി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ വകുപ്പ് അദ്ദേഹത്തിന് കിട്ടിയില്ല. പകരം അദ്ദേഹത്തിന് ‘വലിയ-ഇടത്തരം ജലസേചന വകുപ്പ്’ ആണ് അനുവദിച്ചത്. ഇതാണ് അതൃപ്തിക്ക് കാരണം.
ബെംഗളൂരു വികസന വകുപ്പ് അല്ലാതെ മറ്റൊരു വകുപ്പും സ്വീകരിക്കാൻ തനിക്ക് താല്പര്യമില്ലെന്നാണ് എട്ടുതവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം വ്യക്തമാക്കിയത്. മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനകൾക്കിടയിൽ അദ്ദേഹം ഇന്ന് രാവിലെ ഒരു പത്രസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഡികെ ശിവകുമാർ സർക്കാർ അധികാരമേറ്റയുടൻ ഉണ്ടായ ഭിന്നത കർണാടക സർക്കാരിനുള്ളിൽ വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിതുറന്നിരിക്കുകയാണ്. മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാണെന്നാണ് വിവരം.






