മദ്യലഹരിയിൽ വാക്കുതര്‍ക്കം; വയോധികൻ തലയിടിച്ച് വീണ് മരിച്ചു
സ്വന്തം ലേഖിക
മാനന്തവാടി: കാട്ടിക്കുളത്ത് മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ മധ്യവയസ്കൻ മരിച്ചു. ചേലൂർ കൂപ്പ് കോളനിയിലെ മണിയാണ് മരിച്ചത്.
സഹോദരി പുത്രനായ രാജ്മോഹനുമായുണ്ടായ വാക്ക് തർക്കത്തിനിടെ മണി തലയിടിച്ച് വീണ് മരിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി രാജ് മോഹനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. മരിച്ച മണിയും രാജ്മോഹനും തമ്മിൽ ഏറെ നാളായി കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
അതേസമയം പറവൂരില്‍ മകനെ സ്വകാര്യ ബസ് ജീവനക്കാരന്‍ ആക്രമിക്കുന്നത് കണ്ട് അച്ഛന്‍ കുഴഞ്ഞ് വീണ് മരിച്ചു. ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് പിതാവു കുഴഞ്ഞുവീണു മരിച്ചത്.
ഫോർട്ട്കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണ് (54) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
രാത്രി 7.45നു പറവൂർ കണ്ണൻകുളങ്ങര ഭാഗത്ത് വച്ചാണ് സ്വകാര്യ ബസ് ജീവനക്കാരും ഫസലുദ്ദീനും മകനും തമ്മില്‍ വാക്കേറ്റമുണ്ടായത്. പരവൂരില്‍ വച്ച് സ്വകാര്യ ബസ് ഇവരുടെ കാറില്‍ തട്ടിയെന്നാരോപിച്ചായിരുന്നു വാക്കേറ്റം. ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് (20) കാർ ഓടിച്ചിരുന്നത്.
കോഴിക്കോട്– വൈറ്റില റൂട്ടിലോടുന്ന ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടി. ഇത് ചോദ്യം ചെയ്തപ്പോഴാണ് ബസ് ജീവനക്കാര്‍ ആക്രമിക്കാനെത്തിയതെന്നാണ് ഫർഹാന്‍ പൊലീസിന് നല്‍കിയ മൊഴി.