
ചുവപ്പ് സോണാണെങ്കിലും കോട്ടയത്തും ചില ഇളവുകൾ ലഭിച്ചേക്കും: തീരുമാനം എടുക്കേണ്ടത് ജില്ലാ ഭരണകൂടം: പക്ഷേ, എല്ലാവർക്കും വെറുതെ പുറത്തിറങ്ങാമെന്നു കരുതേണ്ട..! പുതിയ നിർദേശങ്ങൾ ഇങ്ങനെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മൂന്നാം ഘട്ടമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ചുവപ്പ് സോൺ അടക്കമുള്ള സ്ഥലങ്ങളിൽ ഇളവുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ചുവപ്പ് സോണിലെ കണ്ടെയ്‌മെന്റ് സോണുകളിലും, ഹോട്ട് സ്‌പോട്ടുകളിലും കൂടുതൽ കർശന നിയന്ത്രണങ്ങളും രോഗ വ്യാപനം ഇല്ലാത്ത സ്ഥലങ്ങളിൽ ഇളവുകളുമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഈ ഇളവുകൾ ഒന്നും കോട്ടയം ജില്ലയ്ക്കു ലഭിക്കില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
സംസ്ഥാനത്ത് ആദ്യമായി ഗ്രീൻ സോണിൽ എത്തി രോഗ വിമുക്തമായ ജില്ലകളിൽ ഒന്ന് കോട്ടയമായിരുന്നു. എന്നാൽ, അതിവേഗം രണ്ടാം ഘട്ടം രോഗം വ്യാപിച്ച സാഹചര്യത്തിൽ ഇപ്പോൾ റെഡ് സോണിൽ നൽകിയിരിക്കുന്ന ഇളവുകൾ കോട്ടയത്ത് ബാധകമാകുമോ എന്ന് ഇനി ജില്ലാ ഭരണകൂടമാണ് തീരുമാനം എടുക്കേണ്ടത്. നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ യാതൊരു വിധ ഇളവുകളും അനുവദിക്കാനുള്ള സാധ്യതകളില്ലെന്നു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനോടു വ്യക്തമാക്കി. റെഡ് സോണിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ചുള്ള തീരുമാനം ഇനി പുറത്തു വരേണ്ടത് സംസ്ഥാന – ജില്ലാ ഭരണകൂടങ്ങളിൽ നിന്നാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെഡ് സോണുകളിലും ഇവിടുത്തെ കണ്ടെയ്ൻമെന്റ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും കർശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.
രോഗ വ്യാപനം കുറവുള്ള സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇളവുകൾ അനുവദിക്കും.
എന്നാൽ, കോട്ടയം ജില്ലയിൽ ഇളവുകൾ ലഭിക്കാൻ സാധിക്കില്ല. രാജ്യത്തെ 130 ഗുരുതരമായ പ്രതിസന്ധിയുള്ള ജില്ലകളുടെ പട്ടികയിൽ കോട്ടയവും ഉൾപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോട്ടത്ത് ഇളവുകൾ ലഭിക്കാത്തത്.
സ്വകാര്യ ഓഫിസുകളിൽ 33 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം എന്ന നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, സ്വകാര്യ ഓഫിസുകൾ ഏതാണ് എന്ന കാര്യത്തിൽ സംസ്ഥാനങ്ങൾ തീരുമാനം എടുക്കേണ്ടി വരും.
എല്ലാ സോണുകളിലും നഗരങ്ങളിലെ പ്രത്യേക സാമ്പത്തിക മേഖലകൾ തുറന്ന് പ്രവർത്തിക്കാം. കയറ്റുമതി യൂണിറ്റുകൾ, കയറ്റുമതി സ്ഥാപനങ്ങൾ എന്നിവയ്ക്കു നിർദേശങ്ങൾക്കും മാനദ്ണ്ഡങ്ങൾക്കും പ്രവർത്തിക്കാം. മരുന്നുകൾക്കും, ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം എന്നാണ് നിർദേശം.
എല്ലാ സോണുകളിലും അവശ്യകാര്യങ്ങൾക്കായി രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ ആളുകൾക്കു എല്ലാ സോണിലും പുറത്തിറങ്ങാൻ സാധിക്കും. രാത്രി എഴു മുതൽ രാവിലെ ഏഴു വരെയുള്ള പന്ത്രണ്ട് മണിക്കൂറിൽ യാതൊരു വിധ യാത്രകളും അനുവദിക്കില്ലെന്നും കേന്ദ്രം നിഷ്‌കർഷിക്കുന്നു.
65 വയസിനുമുകളിൽ പ്രായമുള്ളവരും പത്തു വയസിന് താഴെ പ്രായമുള്ളവർക്കും പുറത്തിറങ്ങാൻ ഒരു സോണിലും യാതൊരു വിധ അനുവാദവുമില്ല. കർശനമായി ഇവരുടെ യാത്രകൾ നിരോധിക്കും.
ഓറഞ്ച് സോണുകളിൽ രോഗ വ്യാപനം കുറവാണെങ്കിൽ ടാക്‌സിയും ക്യാബുകളും അനുവദിക്കാം എന്ന നിർദേശമുണ്ട്. ടാക്‌സികളിൽ ഡ്രൈവറെ കൂടാതെ പിൻസീറ്റിൽ ഒരാൾക്ക് യാത്ര ചെയ്യാം. ബൈക്കിൽ ഒരാൾ മാത്രം യാത്ര ചെയ്യാൻ സാധിക്കൂ.
ഗ്രീൻ സോണുകളിൽ ബസ് സർവീസ് അനുവദിക്കും. അൻപത് ശതമാനം യാത്രക്കാരുമായി ബസുകൾക്കു യാത്ര ചെയ്യാം. ബസ് ഡിപ്പോകൾ അൻപത് ശതമാനം ജീവനക്കാരുമായി സർവീസ് നടത്താം എന്ന കാര്യത്തിലും നിർദേശം നൽകിയിട്ടുണ്ട്.
ഓരോ ആഴ്ചയും ഗ്രീൻ സോണുകൾ അവലോകനം ചെയ്തു മാറ്റം വരുത്തണം എന്ന നിർദേശം നൽകിയിട്ടുണ്ട്. ചരക്ക് നീക്കത്തിന് പാസ് വേണ്ട എന്ന നിർദേശം നൽകിയിട്ടുണ്ട്. അന്തർ സംസ്ഥാന – സംസ്ഥാനത്തിനുള്ളിലെ ചരക്ക് നീക്കത്തിന് പാസ് വേണ്ട എന്ന കാര്യത്തിലും നിർണ്ണായക ഉത്തരവ് കേന്ദ്ര സർക്കാർ പറയുന്നു.