play-sharp-fill
റേഷൻ കടകളില്‍ നിന്ന് ഇനി മണ്ണെണ്ണ  വാങ്ങാമെന്ന് കരുതേണ്ട; ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭ്യമല്ല; സെപ്തംബർ മുതല്‍ വിതരണം നിലയ്ക്കുമെന്ന് വ്യാപാരികള്‍

റേഷൻ കടകളില്‍ നിന്ന് ഇനി മണ്ണെണ്ണ വാങ്ങാമെന്ന് കരുതേണ്ട; ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭ്യമല്ല; സെപ്തംബർ മുതല്‍ വിതരണം നിലയ്ക്കുമെന്ന് വ്യാപാരികള്‍

കൊച്ചി: റേഷൻകടകളില്‍ സെപ്തംബർമുതല്‍ മണ്ണെണ്ണ വിതരണം നിലയ്ക്കും.

ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭിക്കാത്തതിനാല്‍ മണ്ണെണ്ണ മൊത്ത വ്യാപാരികള്‍ സ്റ്റോക്കെടുക്കേണ്ടെന്ന് തീരുമാനിച്ചതാണ് കാരണം. 2024-25 വർഷത്തിലെ മണ്ണെണ്ണ അലോട്ടുമെന്റ് 1944ല്‍നിന്ന് 780കിലോലിറ്ററായി കുറച്ചു. ഈ സാഹചര്യത്തില്‍ സംഭരണവും വിതരണവും പ്രായോഗികമല്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.


മൂന്നുമാസം കൂടുമ്പോഴാണ് റേഷൻകടകളില്‍ മണ്ണെണ്ണ വിതരണം നടക്കുന്നത്. ഇപ്പോള്‍ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ വിതരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത വിതരണം സെപ്തംബറിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിങ്ക്, മഞ്ഞ കാർഡുകാർക്ക് മാത്രം

മുൻഗണനാ വിഭാഗങ്ങളായ പിങ്ക്, മഞ്ഞ (പി.എച്ച്‌.എച്ച്‌, എ.എ.വൈ) കാർഡുടമകളാണ് മണ്ണെണ്ണയ്ക്ക് അർഹർ. ഇവർക്ക് മൂന്നുമാസം കൂടുമ്ബോള്‍ അരലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുക. എന്നാല്‍ മണ്ണെണ്ണ വ്യാപാരികള്‍ക്ക് മൂന്നുമാസത്തില്‍ ഒരിക്കല്‍പ്പോലും മണ്ണെണ്ണ അലോട്ടുമെന്റ് ലഭിക്കാറില്ല.

ഒരു ലോഡില്‍ നിന്ന് തൊഴിലാളികളുടെ ശമ്പളം, കടവാടക, മുടക്കുമുതലിന്റെ പലിശ, ബാങ്ക് പലിശ എന്നിവയെല്ലാം നല്‍കാൻ സാധിക്കാത്ത അവസ്ഥയിലാണ് വ്യാപാരികള്‍. ഇക്കാര്യങ്ങളെല്ലാം സർക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമില്ല. 2019നുശേഷം വ്യാപാരികളുടെ കമ്മിഷൻ തുക പുതുക്കിയിട്ടില്ല.

സംഭരണ ലൈസൻസ് 360 രൂപയില്‍ നിന്ന് 12000 ആയി വർദ്ധിപ്പിക്കുകയും ചെയ്തു. ഒരുഡിപ്പോ ലാഭകരമായി നടത്താൻ 72കിലോലിറ്റർ മണ്ണെണ്ണ വേണമെന്ന് അഖിലേന്ത്യാതലത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. എന്നാല്‍ മൂന്നുമാസത്തിലൊരിക്കല്‍ 12കിലോലിറ്റർ മണ്ണെണ്ണ ലഭിക്കാത്ത ഡീലർമാരാണ് കൂടുതല്‍. ചില്ലറവ്യാപാരിക്ക് 10 മുതല്‍ 50 ലിറ്റർ വരെയാണ് അലോട്ടുമെന്റ് ലഭിക്കുന്നത്.

ശരാശരി 15കിലോമീറ്റർ ദൂരെ പോയിവേണം മണ്ണെണ്ണ എടുക്കാൻ. ബാഷ്പീകരണനഷ്ടവും കൂടി കണക്കാക്കുമ്പോള്‍ വ്യാപാരികള്‍ ഇതിന് തയ്യാറാവുന്നില്ല.