സംഭരിച്ച നെല്ലിന്‍റെ വില പോലും നല്‍കിയില്ല; കര്‍ഷകരെ വഞ്ചിച്ച സര്‍ക്കാരിനെ ജനം പാഠം പഠിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല

സംഭരിച്ച നെല്ലിന്‍റെ വില പോലും നല്‍കിയില്ല; കര്‍ഷകരെ വഞ്ചിച്ച സര്‍ക്കാരിനെ ജനം പാഠം പഠിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല

 

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: ഓണത്തിനുപോലും സംഭരിച്ച നെല്ലിന്‍റെ വില നല്‍കാതെ കര്‍ഷകരെ വഞ്ചിച്ച സര്‍ക്കാരിനെ ജനം പാഠം പഠിപ്പിക്കുമെന്ന് കോണ്‍ഗ്രന് നേതാവ് രമേശ് ചെന്നിത്തല.

 

നെല്‍ക്കര്‍ഷകര്‍ക്ക് ഇത്തവണ വറുതിയുടെ ഓണമാണ്. പിണറായി സര്‍ക്കാര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നെല്ല് സംഭരിച്ച്‌ വിറ്റശേഷം തുക ഖജനാവിലെത്തിയിട്ടും നല്‍കാത്തത് എന്തുകൊണ്ടെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമായി. മുഖ്യമന്ത്രിക്ക് കര്‍ഷകരുടെ തലയ്ക്കുമീതെ തലങ്ങും വിലങ്ങും പറക്കാൻ ഹെലികോപ്റ്റര്‍ വടകയ്ക്ക് എടുക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇത്രയ്ക്ക് അടിയന്തരമായി ഹെലികോപ്റ്ററിൻ്റെ എന്ത് ആവശ്യമാണുള്ളത് ? മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോകാനാണെങ്കില്‍ കണ്ണൂരിലേക്ക് എന്നും വിമാന സര്‍വീസ് ഉള്ളതാണ്. അടിയന്തര ഘട്ടങ്ങളില്‍ വ്യോമസേനാവിമാനവും ലഭ്യമാണ്. എന്നിട്ടും ഹെലികോപ്റ്റര്‍ ധൂര്‍ത്ത് നടത്തുന്നതിനു പിന്നില്‍ ആരുടെ താത്പര്യമാണ് സംഭരിച്ച നെല്ലിന്റെ വില ബാങ്ക് അക്കൗണ്ടില്‍ നല്‍കുമെന്നു പറഞ്ഞ് കര്‍ഷകരെ അടിമുടി പറ്റിച്ചു.

 

പതിനായിരക്കണക്കിന് നെല്‍ക്കര്‍ഷകര്‍ക്ക് ഇനിയും നെല്ലുവില കിട്ടാനുണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടത്തി നെല്ലിന്റെ വില നല്‍കാമായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. സിവില്‍ സപ്ലൈസ് കോര്‍പറേഷനിലൂടെ എട്ടുമാസം മുന്‍പ് സംഭരിച്ച നെല്ലിന്റെ തുക നല്‍കാത്ത സര്‍ക്കാരിനെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും?

 

സാമ്പത്തിക പ്രതിസന്ധികൊണ്ട് ശ്വാസം മുട്ടുന്ന കര്‍ഷകരെ ആത്മഹത്യയിലേക്ക് എത്തിക്കാതെ അടിയന്തരമായി പ്രശ്നത്തിനു പരിഹാരം കാണണം. അല്ലാതെ തെറ്റ് ചൂണ്ടിക്കാട്ടിയ സിനിമാനടൻ ജയസൂര്യയ്ക്കെതിരെ മന്ത്രിമാരും സൈബര്‍ സഖാക്കളും തിരിയുകയല്ല വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.