video
play-sharp-fill

രാമപുരം പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് നേര്‍ക്ക് കല്ലേറ്; പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍  കൂറുമാറി ഇടതുമുന്നണിയില്‍ ചേര്‍ന്നതിൻ്റെ വൈരാഗ്യമെന്ന് ആരോപണം; പത്തോളം പേരെ ചോദ്യം ചെയ്തതായി പൊലീസ്

രാമപുരം പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് നേര്‍ക്ക് കല്ലേറ്; പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി ഇടതുമുന്നണിയില്‍ ചേര്‍ന്നതിൻ്റെ വൈരാഗ്യമെന്ന് ആരോപണം; പത്തോളം പേരെ ചോദ്യം ചെയ്തതായി പൊലീസ്

Spread the love

സ്വന്തം ലേഖിക

പാല: രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വീടിന് നേര്‍ക്ക് കല്ലേറ്.

ജനാല ചില്ലുകള്‍ തകര്‍ന്നു. മുറിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയായ മകന്‍ മനീഷ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു കല്ലേറ്. വെള്ളിലാപ്പിള്ളി ജംഗ്ഷന് സമീപം ഏഴാച്ചേരി റൂട്ടില്‍ റോഡരികിലാണ് ഷൈനിയുടെ വീട്. സ്‌കൂട്ടറില്‍ എത്തിയവര്‍ കൈയില്‍ കരുതിയിരുന്ന കൂടില്‍ നിന്ന് കല്ലെടുത്ത് എറിയുകയായിരുന്നു. വീടിനോട് ചേര്‍ന്നുള്ള ഇലക്‌ട്രിക് പോസ്റ്റിലെ ഫ്യൂസ് ഊരിമാറ്റിയ നിലയിലായിരുന്നു.

സംഭവസമയത്ത് ഷൈനിയും കുടുംബാംഗങ്ങളും വീട്ടില്‍ ഉണ്ടായിരുന്നു. മകന്‍ മനീഷ് രാത്രി 12 മണി വരെ നോട്ട് എഴുതിയശേഷം കിടക്കാനെത്തിയപ്പോള്‍ ഗേറ്റില്‍ തട്ടുന്ന ശബ്ദം കേട്ടു. പെട്ടെന്ന് ഹാളിലേക്കെത്തി ജനലിലൂടെ നോക്കിയപ്പോള്‍ റോഡില്‍ നിന്ന് മഴക്കോട്ട് ധരിച്ച ഒരാള്‍ കല്ലെറിയുന്നതാണ് കണ്ടത്.

ശബ്ദം കേട്ട് ഷൈനിയുടെ ഭര്‍ത്താവ് സന്തോഷ് എഴുന്നേറ്റു വന്നു. ഈ സമയം ആക്ടിവ സ്‌കൂട്ടറില്‍ മഴക്കോട്ട് ധരിച്ച രണ്ടുപേര്‍ രാമപുരം റൂട്ടിലേക്ക് പോകുന്നതുകണ്ടുവെന്നും പറയുന്നു. രാത്രിതന്നെ പാലാ ഡിവൈ.എസ്.പി. ഗിരീഷ് പി.സാരഥി, രാമപുരം സി.ഐ. കെ.എന്‍.രാജേഷ്, എസ്.ഐ. പി.എസ്.അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഷൈനി സന്തോഷ് യു.ഡി.എഫില്‍ നിന്ന് കൂറുമാറി ഇടതുമുന്നണിയില്‍ ചേര്‍ന്നിരുന്നു. വീണ്ടും പ്രസിഡന്റാവുകയും ചെയ്തു. ഇതിന്റെ വിരോധം മൂലമാണ് ആക്രമണമെന്നാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം ചേര്‍ന്നു.

കല്ലേറുമായി ബന്ധപ്പെട്ട് പത്തോളം പേരെ ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. കാര്യമായ സൂചന കിട്ടിയിട്ടില്ല. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. എത്രയും വേഗം പ്രതികളെ പിടിക്കുമെന്നും പൊലീസ് പറയുന്നു.