
പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ സംസ്കാരം ഇന്ന്
കൊച്ചി: ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് കൊച്ചിയില്‍ നടക്കും.
കൊച്ചി ഇടപ്പള്ളി സ്വദേശിയാണ് ചൊവ്വാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ 7.30ന് പൊതുദര്‍ശനം ആരംഭിച്ചു.
രാവിലെ മൃതദേഹം വീട്ടിലെത്തിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ ചെയ്തിട്ടുള്ളത്. ഉച്ചയോടെയാണ് സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇടപ്പള്ളി ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടത്തുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് രാമചന്ദ്രന് കാശ്മീരിലേക്ക് അവധി ആഘോഷിക്കാന്‍ പോയത്. ദുബായില്‍ നിന്ന് മകള്‍ ആരതി എത്തിയതിന് പിന്നാലെയായിരുന്നു കാശ്മീര്‍ യാത്ര.
മകള്‍ ആരതിയുടെ കണ്മുന്നില് വെച്ചാണ് എന്‍ രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ചെറിയ മക്കള്‍ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരര്‍ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി പറയുന്നു. മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചതെന്നും ആരതി പറഞ്ഞിരുന്നു.
ഫോണ്‍ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. തന്റെ മുന്നിലെത്തിയ ഭീകരര്‍ സൈനിക വേഷത്തില്‍ ആയിരുന്നില്ലെന്നും ആരതി പറയുന്നു. വേദനയുടെ നിമിഷങ്ങളില്‍ കശ്മീരിലെ പ്രദേശവാസികളും ഒപ്പം നിന്നെന്നും ആരതി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്ബോള്‍ വ്യക്തമാക്കിയിരുന്നു.