ഇന്നു രാത്രി മുതൽ ശനി വരെ സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യത; മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
സ്വന്തം ലേഖിക
തിരുവനന്തപുരം: ഇന്നു രാത്രി മുതൽ ശനി വരെ സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
മഴക്കാലത്തിന്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നതിനാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നദികൾ കരകവിഞ്ഞൊഴുന്നതിനും സാധ്യത ഏറെയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടർച്ചയായി അപകടം വിതയ്ക്കുന്ന സാഹചര്യമുണ്ട്.
ചുരുക്കം സമയം കൊണ്ട് വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണ്. നിലവിലെ സാഹചര്യം സാധാരാണ നിലയാകുന്നതു വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത വേണം.
ജിഎസ്ഐയുടെയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെയും വിദഗ്ധ സംഘങ്ങളുടെ പഠനങ്ങളിൽ വാസയോഗ്യമല്ലെന്നു കണ്ടെത്തിയ വീടുകളിൽ താമസിക്കുന്നവരെ മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ നിർബന്ധമായും സുരക്ഷിതമായ ക്യാന്പുകളിലേക്ക് മാറ്റി താമസിപ്പിക്കും.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം തന്നെ റവന്യൂ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ക്യാന്പുകൾ തയാറാക്കേണ്ടതും വിവരം ജനങ്ങളെ അറിയിക്കേണ്ടതുമാണ്.
പ്രദേശത്തെ ക്യാന്പുകളുടെ വിവരം മനസിലാക്കിവയ്ക്കണം. മഴ ശക്തിപ്പെടുന്ന ഉടൻ തന്നെ ക്യാന്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനത്തേക്കോ മാറണം. അപകട സാധ്യതയുള്ള വീടുകളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് തയാറാക്കണം. പകൽ സമയത്തു മഴ മാറി നിൽക്കുന്നതു കൊണ്ട് അമിതമായ ആത്മവിശ്വാസം ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ള ജനങ്ങളോ ഉദ്യോഗസ്ഥരോ കാണിക്കാൻ പാടില്ല.
കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം വരാം. ചിലപ്പോൾ തെറ്റു സംഭവിക്കാം. അതുകൊണ്ട് ദുരന്ത നിവാരണ അഥോറിറ്റി പ്രഖ്യാപിക്കുന്ന അതീവ ജാഗ്രത നിർദേശം പിൻവലിക്കുന്നതു വരെ സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.