വെള്ളപ്പൊക്കത്തിൽ കൈത്താങ്ങുമായി കേരള പൊലീസ്; നെഞ്ചിൽ വീര്യവും അതിജീവനത്തിന്റെ കരുത്തുമായി ജില്ലാ പൊലീസ് കരകയറ്റിയത് ആയിരങ്ങളെ; വെള്ളത്തിൽ മുങ്ങി നിവർന്ന പൊലീസിന് ബിഗ് സല്യൂട്ട്

വെള്ളപ്പൊക്കത്തിൽ കൈത്താങ്ങുമായി കേരള പൊലീസ്; നെഞ്ചിൽ വീര്യവും അതിജീവനത്തിന്റെ കരുത്തുമായി ജില്ലാ പൊലീസ് കരകയറ്റിയത് ആയിരങ്ങളെ; വെള്ളത്തിൽ മുങ്ങി നിവർന്ന പൊലീസിന് ബിഗ് സല്യൂട്ട്

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻമേഖല വെള്ളത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ കരുതലിലൂടെ കൈപിടിച്ചു കയറ്റിയത് കേരള പൊലീസിന്റെ അതിജീവനത്തിന്റെ കരുത്ത്. കഴുത്തറ്റം വെള്ളത്തിൽ മുങ്ങി നിന്നാണ് ജില്ലാ പൊലീസ് സംഘം ആയിരങ്ങളെ കരയ്‌ക്കെത്തിച്ചത്. കിഴക്കൻവെള്ളം ഒഴുകിയെത്തി ജലനിരപ്പ് ഉയർന്ന ഞായറാഴ്ച കുമരകം മേഖലയിൽ നിന്നു മാത്രം 150 ലധികം ആളുകളെയാണ് പൊലീസ് സംഘം ഒറ്റക്കെട്ടായി കരയ്‌ക്കെത്തിച്ചത്.
കഴിഞ്ഞ 11 നാണ് ജില്ലയിൽ അതി ശക്തമായ മഴ ആരംഭിച്ചത്. അന്നു മുതൽ തന്നെ ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലെയും പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ വെള്ളം കയറിത്തുടങ്ങിയിരുന്നു. എന്നാൽ, സകല കണക്കുകൂട്ടലുകളും തെറ്റിച്ച് വെള്ളം തലയ്ക്കു മുകളിലേയ്ക്ക് ഉയർന്നതോടെ സ്വന്തം കാര്യം പോലും പണയം വച്ചാണ് ഓരോ പൊലീസുകാരനും കാക്കിയണിഞ്ഞ്, തൊപ്പിയും വച്ച് വെള്ളത്തിലിറങ്ങിയത്.


വെള്ളം കയറിയ രണ്ടാം ദിവസം മുതൽ തന്നെ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. ഈസ്റ്റ് സി.ഐ സാജു വർഗീസിന്റെ നേതൃത്വത്തിൽ തിരുവഞ്ചൂർ, പാറമ്പുഴ, പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ദുരിത പ്രദേശങ്ങളിലാണ് എത്തിയത്. എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിൽ പാറമ്പുഴയിലെയും പരിസര പ്രദേശത്തെയും ക്യാമ്പുകളിൽ കഴുത്തറ്റം വെള്ളത്തിൽ നിന്നാണ് രക്ഷപ്രവർത്തനം നടത്തിയത്. ക്യാമ്പുകളിൽ ഭക്ഷണവും വെള്ളവും ഇവർ തന്നെ വിതരണം ചെയ്തിരുന്നു.
ശനിയാഴ്ച മഴയൊന്നു ശമിച്ചതോടെ, ഞായറാഴ്ച മലയോര മേഖലയിൽ നിന്നും അതി ശക്തമായാണ് വെള്ളം ഒഴുകിയെത്തിയത്. വെള്ളം ശക്തമായി ഒഴുകിയെത്തിയതോടെ കുമരകം അടക്കമുള്ള ജില്ലയുടെ പടിഞ്ഞാറൻമേഖല പൂർണമായും വെള്ളത്തിൽ മുങ്ങി. വീടുകളിൽ വെള്ളം കയറാതിരുന്നതോടെ പലരും കഴിഞ്ഞ ദിവസങ്ങളിൽ വീടുകളിൽ തന്നെയാണ് കഴിഞ്ഞത്. എന്നാൽ, കിഴക്കൻവെള്ളം ഒഴുകിയെത്തിയതോടെ ഈ പ്രദേശമാകെ വെള്ളത്തിൽ മുങ്ങി. വീടുകളിൽ പലതും മുങ്ങുന്ന അവസ്ഥയിലായി. റോഡുകളിൽ പോലും കഴുത്തറ്റം വെള്ളമായി. ഇതോടെ ജനം ആകെ ദുരിതത്തിൽ വലഞ്ഞു. ഇതോടെയാണ് നാട്ടുകാർ സഹായത്തിനായി വെസ്റ്റ് പൊലീസ് അധികൃതരെ ബന്ധപ്പെട്ടത്. തുടർന്ന് വെസ്റ്റ് സി.ഐ നിർമ്മൽ ബോസ്, കുമരകം എസ്.ഐ രജൻകുമാർ, വെസ്റ്റ് എസ്.ഐ എം.ജെ അരുൺ, എ.എസ്.ഐമാരായ നവാസ് എം.എ, പി.സി ബിനുമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എൻ മനോജ്, അഷറഫ്, പ്രസാദ്, സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം കുമരകത്തേയ്ക്ക് തിരിച്ചു.
കഴുത്തറ്റം വെള്ളത്തിൽ നിന്ന പൊലീസുകാർ, കുട്ടവഞ്ചി തുഴഞ്ഞാണ് ആളുകൾ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിൽ എത്തിയത്. തുടർന്നു ഇവരെ ഈ വഞ്ചിയിൽ കയറ്റി പൊലീസ് സംഘം കുമരകം – കോട്ടയം റോഡിലേയ്ക്ക് എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരയ്‌ക്കൊപ്പം വെള്ളമുള്ള ഈ റോഡിലൂടെ ഒരു വാഹനങ്ങളും ഓടിക്കാൻ മാർഗമില്ലായിരുന്നു. ഇവിടെയാണ് ടിപ്പർ – ടോറസ് ലോറികൾ പൊലീസിനു സഹായമായി മാറിയത്. കുമരകത്തു നിന്നും ആളുകളെ ടിപ്പർ – ടോറസ് ലോറികളിലാണ് പൊലീസ് സംഘം ദുരിതാശ്വാസ ക്യാമ്പിലേയ്ക്കു മാറ്റിയത്.
ജില്ലാ പൊലീസ മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളാണ് ജില്ലയിൽ പല സ്ഥലത്തെയും ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം എത്തിച്ചത്. ഇതിനായി ഇവർക്ക് വാഹനങ്ങൾ വിട്ടു നൽകിയിരുന്നു. ജില്ലയിലെ ഓരോ പൊലീസ് സ്റ്റേഷനും തങ്ങളുടെ സ്വന്തം നിലയിൽ ഭക്ഷണം വിതരണം ചെയ്തിരുന്നു. ഏറ്റുമാനൂർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിൽ സ്‌റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭക്ഷണവും അവശ്യ വസ്തുക്കളും വിതരണം ചെയ്തു.