പേരക്കുട്ടിയുടെ അങ്കണവാടി കെട്ടിടം തീരെ ചെറുതായിപ്പോയി ; 15 ലക്ഷം രൂപ മുടക്കി സ്ഥലം വാങ്ങി നൽകി താരമായി അപ്പൂപ്പനും : നാട്ടിലെ കുട്ടികൾക്ക് മറക്കാനാവാത്ത സമ്മാനം നൽകിയത് തൃശൂർ സ്വദേശി

സ്വന്തം ലേഖകൻ

തൃശൂർ: പേരക്കുട്ടിയുടെ അങ്കണവാടി കെട്ടിടെ ചെറുതായി പോയതിനാൽ അങ്കണവാടിയ്ക്കായി സ്ഥലംവാങ്ങി നൽകിയ അപ്പൂപ്പനാണ് ഇപ്പോൾ താരം. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പേരക്കുട്ടിയുടെ അങ്കണവാടി കെട്ടിടം തീരെ ചെറുതായി പോയതിനാൽ 15 ലക്ഷം രൂപ മുടക്കിയാണ് അപ്പൂപ്പൻ സ്ഥലം വാങ്ങി നൽകിയത്.

നാലു വയസുകാരൻ ശ്രീഹരിയുടെ 80 വയസ്സ് പിന്നിട്ട അപ്പൂപ്പനാണ് അങ്കണവാടിക്ക് സ്ഥലം വാങ്ങി നൽകിയത്. ഒരു വീടിനുള്ളിൽ ചെറിയൊരു മുറിയിൽ പ്രവർത്തിച്ച അങ്കനവാടിക്കാണ് ഇതോടെ സ്ഥലം കിട്ടിയത്. സ്ഥലം ലഭ്യമായതോടെ അധികൃതർ കെട്ടിടത്തിനുള്ള ഫണ്ടും അനുവദിച്ചു.

ശ്രീഹരിയുടെ അങ്കണവാടിയുടെ അവസ്ഥ കണ്ട് സങ്കടം തോന്നിയ അപ്പൂപ്പൻ നമ്പനത്ത് രാഹുലനാണു നാട്ടിലെ കുട്ടികൾ ഒരു കാലത്തും മറക്കരുതാത്ത ഈ സമ്മാനം നൽകിയത്. ദയനീയവസ്ഥ മനസിലായതോടെ നേരെ ബാങ്കിൽ പോയി ലോണെടുക്കുകയായിരുന്നു.

ഇതിന് പുറമെ കയ്യിലുള്ളതും പെറുക്കിക്കൂട്ടി 3 സെന്റ് സ്ഥലം വാങ്ങി കോർപറേഷന് കൈമാറി. ആലുംവെട്ടുവഴി കൈരളി നഗറിലെ അങ്കണവാടിയാണ് ചെറിയ മുറിയിൽ പ്രവർത്തിച്ചിരുന്നത്.

കെട്ടിടം പണിയാൻ കോർപറേഷൻ പ്ലാൻ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഭൂമി ഇല്ലെന്നതായിരുന്നു തടസ്സം. സ്ഥലം കോർപറേഷനു രജിസ്റ്റർ ചെയ്തു നൽകി ആധാരം കൗൺസിലർ സുബി ബാബുവിനു രാഹുലൻ കൈമാറുകയും ചെയ്യുകയായിരുന്നു.

മുൻപ് തൃശൂർവാളയാർ റൂട്ടിൽ ബസും ലോറിയും ഓടിച്ചിരുന്നയാളാണ് രാഹുലൻ. സ്വന്തമായും വാഹനങ്ങളുണ്ടായിരുന്നു. ഇപ്പോൾ പേരക്കുട്ടികളോടൊപ്പം അടിച്ചുപൊളിച്ചു ജീവിതം. രാഹുലൻ അപ്പൂപ്പന് ഒരു സ്വകാര്യ സന്തോഷം കൂടിയുണ്ട്. സ്വന്തം വീടിനു തൊട്ടടുത്താണ് അങ്കണവാടിക്കു വാങ്ങി നൽകിയ സ്ഥലം. സ്വന്തം അങ്കണത്തിൽ നിന്നാൽ പേരക്കുട്ടി ഓടിക്കളിക്കുന്നതു കാണമെന്ന ആശ്വാസവും രാഹുലനും ഉണ്ട്.