നരേന്ദ്രമോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ ; പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് രാഹുൽഗാന്ധിയടക്കമുള്ള നേതാക്കൾ

സ്വന്തം ലേഖകൻ

 

ന്യൂഡൽഹി: ആറുവർഷം കൊണ്ട് ലോകത്തെ കരുത്തരായ ഭരണാധികാരികളിൽ ഒരാളായി മാറിയ നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ. സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപിയുടെ ആഘോഷം.

രാഷ്ട്ര സേവനത്തിനായി കുടുംബം വരെ വേണ്ടെന്ന് തീരുമാനിച്ചാണ് പൊതുജനങ്ങൾക്കിടയിലേക്ക് മോദി ഇറങ്ങിയത്. കഠിനാധ്വാനത്തിലൂടെയാണ് ഇന്ത്യയുടെ ജനനായകനായി മോദി ഉയർന്നത്.

സംഘപരിവാർ വോട്ടർമാരുടെ ഹീറോയും 2014ൽ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതീകവുമായി മോദി ഉയരുകയായിരുന്നു. കൂടുതൽ തിളക്കമാർന്ന വിജയത്തോടെ 2019ൽ അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി. ശ്രദ്ധേയമായ ഇടപെടലുകളിലൂടെ ലോകമാകെ ശ്രദ്ധിക്കപ്പെടുന്ന നേതാവായി നരേന്ദ്ര മോദി വളരുകയായിരുന്നു.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പതിവ് ആഘോഷങ്ങളില്ലാതെയാണ് മോദിയുടെ പിറന്നാൾ. 2014ന് ശേഷമുള്ള എല്ലാ പിറന്നാൾ ദിനത്തിലും നരേന്ദ്ര മോദി അമ്മ ഹീരാബായിയെ സന്ദർശിച്ചിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ അതും പ്രധാനമന്ത്രി ഒഴിവാക്കി.

സെപ്റ്റംബർ 20വരെ നീളുന്ന ‘സേവനവാര’ പരിപാടികളാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകികൊണ്ടുള്ള പരിപാടികളാണ് ബിജെപി രാജ്യത്താകമാനം നടത്തുന്നത്.

പ്രധാനമന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് 70 വെർച്വൽ റാലികളും ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്.