വർക്കലയിലെ കൂട്ടമരണത്തിന് പിന്നിൽ ഉറ്റസുഹൃത്തിന്റെ ചതിയോ ..? ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ ഗൃഹനാഥന്റെ ഉറ്റസുഹൃത്തിനെ ചോദ്യംചെയ്യാനൊരുങ്ങി പൊലീസ്

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച വർക്കല വെട്ടൂരിലെ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യയിലേക്ക് നയിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉറ്റസുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ കോൺട്രാക്ടറെ പൊലീസ് ഉടൻ ചോദ്യം ചെയ്യും.

മരിച്ച ശ്രീകുമാർ ഈ കോൺട്രാക്ടറെ വിശ്വസിച്ച് കരാർ പണികൾ നൽകിയിരുന്നതായും, ഇതിൽ ചതിവു പറ്റിയെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു.ഈ സാഹചര്യത്തിലുമാണ് പൊലീസ്ഇയാളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

തന്റെ സുഹൃത്ത് വഞ്ചിച്ചുവെന്ന് ശ്രീകുമാറിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. അതേസമയം മരണ വീട്ടിൽ നിന്നും ശേഖരിച്ച തെളിവുകളുടെ ഫൊറൻസിക് പരിശോധനാ ഫലവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കിട്ടിയ ശേഷമേ സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്നു പൊലീസ് വ്യക്തമാക്കി.

വെട്ടൂർ സ്വദേശി ശ്രീകുമാർ(60) , ഭാര്യ മിനി (55) , മകൾ അനന്തലക്ഷ്മി (26) എന്നിവരെയാണ് ദിവസങ്ങൾക്ക് മുൻപ് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.

കരാർ ജോലികൾ ചെയ്തിരുന്ന തന്നെ തിരുമല സ്വദേശിയായ ഉപകരാറുകാരൻ ചതിക്കുകയായിരുന്നു.ഇതോടെ വലിയ തുക വായ്പയെടുത്തു പണികൾ തീർത്തു കൊടുക്കുകയായിരുന്നു. ഇതോടെ കോടികളുടെ ബാധ്യതയാണ് ഉണ്ടായതെന്നും ശ്രീകുമാറിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.