
നീറ്റ് യുജി പരീക്ഷാ റദ്ദാക്കിയ നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ കഠിനാധ്വാനത്തെയും, സ്വപ്നങ്ങളുടെയും ബിജെപിയുടെ അഴിമതിഭരണം തകർത്തു. യുവാക്കളുടെ ഭാവിയ്ക്കെതിരായ കുറ്റകൃത്യമാണ് നടന്നത്.
കുറ്റക്കാരായ മാഫിയ സംഘം എപ്പോഴും രക്ഷപ്പെടുന്നു. വിദ്യാർത്ഥികളാണ് ദുരിതമനുഭവിക്കുന്നതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ അമൃതകാലം വിഷകാലമായി മാറി. പണവും സ്വാധീനവുമാണ് ഒരാളുടെ ഭാവി തീരുമാനിക്കുന്നതെങ്കിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യമെന്തിനെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വീണ്ടും മാനസിക സമ്മർദ്ദം, സാമ്പത്തിക പ്രതിസന്ധി അടക്കം നേരിടാൻ പോകുന്നുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയാണ് ചോദ്യപ്പേപ്പർ ക്രമക്കേട് കാരണം ഈ വർഷത്തെ നീറ്റ് യു ജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കിയത്. മെയ് 3 ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തും. ഇതിനായി വിജ്ഞാപനം ഇറക്കും. പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
പുതിയ രജിസ്ട്രേഷനും ഫീസും വേണ്ട. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി കൂടിയാണ് പുനഃപരീക്ഷ നടത്തുന്നതെന്ന് സർക്കാർ പ്രഖ്യാപിച്ചു.







