ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി സി.ഐ.യും എസ്.ഐ.യും കൈക്കൂലിയായി വാങ്ങിയത് 18 ലക്ഷം രൂപ; ഇൻസ്‌പെക്ടര്‍ സുനില്‍ദാസ് ഒളിവില്‍; എസ് ഐ ബിന്ദുലാല്‍ കസ്റ്റഡിയില്‍; കേരള പോലീസിന് നാണക്കേട്
സ്വന്തം ലേഖകൻ
മലപ്പുറം: ക്വാറി ഉടമയെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസും പൊലീസ് സേനയ്ക്ക് നാണക്കേട്. ക്വാറി ഉടമയില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെന്നാണ് പരാതി. മലപ്പുറം വളാഞ്ചേരിയില്‍ എസ് എച്ച് ഒയും എസ് ഐയും ചേർന്നു 18 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. നാലു ലക്ഷം ഇടനിലക്കാരനും കൊണ്ടു പോയി. വളാഞ്ചേരി എസ് എച്ച് ഒ സുനില്‍ ദാസ്, എസ് ഐ ബിന്ദുലാല്‍ എന്നിവർക്ക് എതിരെ തിരൂർ ഡി വൈ എസ് പി കേസ് എടുത്തു. സുനില്‍ ദാസിനെതിരെ നേരത്തെയും പരാതികള്‍ ഉയർന്നിരുന്നു. പക്ഷേ കൃത്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ കിട്ടിയ പരാതിയില്‍ അതിവേഗം നടപടികളിലേക്ക് മലപ്പുറം പൊലീസ് സൂപ്രണ്ട് കടക്കുകയായിരുന്നു. തിരൂരിലെ നിസാറാണ് പരാതിക്കാരൻ.
ഇടനിലക്കാരനായി പ്രവർത്തിച്ച ഹസൈനാർക്കെതിരെയും കേസെടുത്തു. നിസാറിനേയും പാർട്ണർമാരേയും കേസില്‍ പ്രതിയാക്കുമെന്നായിരന്നു ഭീഷണി. അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യിപ്പിക്കുമെന്നും ഭൂഉടമകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്നാണ് ആരോപണം. സിഐ പത്തു ലക്ഷവും എസ് ഐ എട്ടു ലക്ഷവും കൈക്കലാക്കിയെന്നാണ് എഫ് ഐ ആർ. മൂന്നാം പ്രതിക്ക് നാലു ലക്ഷവും കിട്ടി. ആകെ 22 ലക്ഷമാണ് പ്രതികള്‍ ചേർന്ന് അപഹരിച്ചതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. സിഐ പ്രതിയായതിനാല്‍ ഡി വൈ എസ് പി നേരിട്ടാണ് കേസെടുത്തത്. 29നാണ് സംഭവം നടന്നതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ഇന്ന് രാവിലെ പരാതി ലഭിച്ചു. എട്ടരയ്ക്ക് പരാതി കിട്ടിയതിനെ തുടർന്ന് പത്തരയോടെ കേസ് രജിസ്റ്റർ ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലും പൊലീസ് എത്തി. എസ് ഐ ബിന്ദുലാലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ വീട്ടില്‍ നിന്നും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു. വിശദ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ അറസ്റ്റു ചെയ്യും. എന്നാല്‍ സിഐ സുനില്‍ദാസിനെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കായി വ്യാപക തിരച്ചില്‍ പൊലീസ് തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെ ഇയാള്‍ മുങ്ങിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇയാളുടെ കൂട്ടുകാരും ബന്ധുക്കളും നിരീക്ഷണത്തിലാണ്. സിഐയുടെ ഭാര്യയും സർക്കാർ ജീവനക്കാരിയാണ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384 , 120ബി , 34, കെ പി എ 115 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. വളാഞ്ചേരി സ്വദേശിയുടെ ക്വാറിയില്‍ നിന്നും മാർച്ചില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഇയാളെ ജയിലില്‍ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാർ പണം തട്ടിയത്. ഈ കേസിന്റെ അടിസ്ഥാനത്തില്‍ സിഐയ്‌ക്കെതിരെ ഉടൻ വകുപ്പു തല നടപടികളും വരും. ഇവരെ സർവ്വീസില്‍ നിന്നും സസ്‌പെന്റെ ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ പൊലീസിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. സുനില്‍ ദാസുമായി ബന്ധപ്പെട്ട മുൻ പരാതികളും പരിശോധിക്കും. അനധികൃത സ്വത്തുണ്ടോ എന്നും അന്വേഷിക്കും.
ഗുരുവായൂരിലും എയർപോർട്ടിലും പുതുക്കാടും എല്ലാ ജോലി നോക്കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനില്‍ദാസ്. ഇയാള്‍ക്കെതിരെ ഗുരുവായൂരില്‍ അടക്കം റിയല്‍ എസ്‌റ്റേറ്റ് മാഫിയയുമായുള്ള ആരോപണം ഉയർന്നിട്ടുണ്ട്. എസ് ഐയായ ബിന്ദുലാലും നിരവധി ആരോപണങ്ങളില്‍ മുമ്ബും കുടുങ്ങി. ഇതുകാരണം നിരവധി സ്റ്റേഷനുകളിലേക്ക് മാറ്റവും കിട്ടിയിട്ടുണ്ട്.