
ജനങ്ങളെ കേൾക്കാൻ തയാറാകുന്ന ഒരു രാഷ്ട്രീയ നേതൃത്വം ഇവിടെ ഇല്ല, വിവിധ രാഷ്ട്രീയപാർട്ടികളിലെ നേതാക്കൾ തമ്മിൽ അന്തർ ധാരണയുണ്ട്, ജനങ്ങളോടല്ല കോർപ്പറേറ്റ് കർത്തയോടാണ് ബാധ്യതയെന്ന നിലയിലാണ് ഇപ്പോഴത്തെ ഭരണമെന്ന് പി വി അൻവർ
തിരുവനന്തപുരം: ജനങ്ങളോടല്ല കോർപ്പറേറ്റ് കർത്തയോടാണ് ബാധ്യതയെന്ന നിലയിലാണ് ഇപ്പോഴത്തെ ഭരണം പോവുന്നതെന്ന് പി.വി അൻവർ എം.എൽ.എ.
കരിമണൽ ഖനനവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന തീരശോഷണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഉയർന്ന് വന്നിട്ടുള്ള പ്രതിഷേധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പി.വി അൻവർ എം.എൽ.എയുടെ പ്രതികരണം.
സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന സർക്കാറിനെ സംബന്ധിച്ചടുത്തോളം ഖജനാവിലേക്ക് പണമുണ്ടാക്കാനുള്ള മാർഗങ്ങളിലൊന്നാണ് കരിമണൽ ഖനനം. ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് തന്നെ ജനങ്ങൾ നേരിടുന്ന തീരശോഷണം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പി.വി അൻവർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇന്ന് ജനങ്ങളെ കേൾക്കാൻ തയാറാകുന്ന ഒരു രാഷ്ട്രീയ നേതൃത്വം ഇവിടെ ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഭരണനേതൃത്വത്തിൽ നിന്ന് നീതി കിട്ടാതാകുമ്പോഴാണ് ജനങ്ങൾ പ്രതിപക്ഷത്തേയും മറ്റ് സാമൂഹിക സംഘടനകളേയും തേടി പോവുന്നതെന്നും പി.വി അൻവർ പറഞ്ഞു.
കേരളത്തിലെ വിവിധ രാഷ്ട്രീയപാർട്ടികളിലെ നേതാക്കൾ തമ്മിൽ അന്തർ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് മൂലം ഇവിടെ ഒരു കാര്യവും നടക്കാത്ത നിലയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.