പിവി അൻവറിനെതിരെ ചുമത്തിയിരിക്കുന്നത് യൂട്യൂബർ ചെകുത്താനെതിരെ ചുമത്തിയ അതേ കുറ്റം ; പരാതിയിൽ ചെകുത്താനെ അറസ്റ്റ് ചെയ്തു ലോക്കപ്പില്‍ അടച്ചിരുന്നു ; ഫോണ്‍ ചോർത്തല്‍ ആരോപിച്ച് കോട്ടയം കറുകച്ചാല്‍ പോലീസില്‍ കിട്ടിയ പരാതിയിലാണ് എം എൽ എയ്ക്ക് എതിരെ നടപടി ; കേരളം ഉറ്റുനോക്കുന്നത്, അൻവറിനെ കസ്റ്റഡിയില്‍ എടുക്കുമോ, ചോദ്യം ചെയ്യുമോ തുടർ നടപടികള്‍ എന്താകുമോ എന്ന ചോദ്യങ്ങളിലേയ്ക്കാണ്
സ്വന്തം ലേഖകൻ
പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോർത്തി എന്ന പരാതിയില്‍ പിവി അൻവറിനെതിരെ ചുമത്തിയിരിക്കുന്നത് യൂട്യൂബർ ചെകുത്താനെതിരെ ചുമത്തിയ അതേ കുറ്റം.
ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 192-ാം വകുപ്പ് പ്രകാരമാണ് നിലമ്ബൂർ എംഎല്‍എക്കെതിരെ ഇന്ന് കേസെടുത്തിരിക്കുന്നത്. ഫോണ്‍ ചോർത്തല്‍ ആരോപിച്ച് കോട്ടയം കറുകച്ചാല്‍ പോലീസില്‍ കിട്ടിയ പരാതിയിലാണ് നടപടി. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങള്‍ വഴി അത് പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചതിനുമാണ് കേസ്. തോമസ് പീലിയാനിക്കല്‍ എന്നയാളാണ് പരാതിക്കാരൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടെറിറ്റോറിയല്‍ ആർമിയിലെ ലെഫ്. കേണലായ നടന്‍ മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ വിമർശിച്ചതിനായിരുന്നു ചെകുത്താനെതിരെ തിരുവല്ല പോലീസ് കേസെടുത്തത്. പിന്നാലെ ചെകുത്താൻ എന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ അറസ്റ്റ് ചെയ്തു ലോക്കപ്പില്‍ അടച്ചിരുന്നു. ഭാരതീയ ന്യായ സംഹിത 192, 296(b) കെ.പി. ആക്‌ട് 120(0) വകുപ്പുകള്‍ ചുമത്തിയായിരുന്നു പോലീസ് കേസെടുത്തത്.
അൻവറിനെതിരെ ബിഎൻഎസ് 192-ാം വകുപ്പ് മാത്രമാണ് ചുമത്തിയിരിക്കുന്നത് എങ്കിലും ഇതാണ് ജാമ്യമില്ലാത്ത വകുപ്പ്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക എന്ന കുറ്റം ആരോപിച്ചാണ് ഇത്. ഒരു വർഷം വരെ വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്.
ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോർത്തി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാൻ അൻവർ ശ്രമിച്ചുവെന്നായിരുന്നു തോമസ് പീലിയാനിക്കല്‍ പരാതിയില്‍ ആരോപിച്ചിരുന്നത്. സ്വകാര്യതയേയും ദേശസുരക്ഷയേയും ബാധിക്കുന്നതാണ് അൻവറിന്റെ നടപടിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എഫ്‌ഐആർ റജിസ്റ്റർ ചെയ്ത സ്ഥിതിക്ക് തുടർ നടപടികള്‍ എന്താകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. അൻവറിനെ കസ്റ്റഡിയില്‍ എടുക്കുമോ, ചോദ്യം ചെയ്യുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.