
ഇന്ന് നിർണായകം!!; പുതുപ്പള്ളിയിൽ ഉറ്റുനോക്കി കേരളം! ; പുതുപ്പള്ളിയിലെ ആ പിന്‍ഗാമി ആര് ; വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണിക്ക് ; എട്ടേകാലോടെ പുതുപ്പള്ളിയില്‍ ആദ്യ ഫലസൂചന; ട്രെൻഡ് തീരുമാനിക്കുന്നത് അയര്‍കുന്നത്തെ ‘വിധി’; വിജയ പ്രതിക്ഷയിൽ മുന്നണികള്‍
സ്വന്തം ലേഖകൻ
കോട്ടയം: അരനൂറ്റാണ്ടിലേറെ പുതുപ്പള്ളി ജനതയുടെ ഹൃദയത്തിലേറി നിയമസഭയിലേക്ക് യാത്ര ചെയ്തിരുന്ന ഉമ്മൻ ചാണ്ടിയുടെ പകരക്കാരൻ ആരാകും. കേരളം കണ്ണീരണിഞ്ഞ ഉമ്മൻ ചാണ്ടിയുടെ വിയോഗ വാര്‍ത്തക്ക് പിന്നാലെ പലരും ചോദിച്ച ചോദ്യം അതായിരുന്നു. ആ ചോദ്യത്തിന് ഒടുവില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെടുകയാണ് ഇന്ന്. രണ്ട് നാള് മുന്നേ രഹസ്യമായി പുതുപ്പള്ളി ജനത രഹസ്യ വോട്ടിംഗ് മെഷിനില്‍ കുറിച്ചിട്ട ഉത്തരം ഇന്ന് കേരളക്കരയാകെ പരസ്യമാകും.
കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പേള് തന്നെ ട്രെൻഡ് വ്യക്തമാകും. ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളില്‍ അസന്നിഹിത വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തീരും. അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകള്‍ എണ്ണിക്കഴിയുമ്ബോള്‍ തന്നെ കൃത്യമായ ഫലസൂചന കിട്ടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്ത മത്സരം നടന്ന 2021ല്‍ പോലും ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിന്റെ ഭൂരിപക്ഷം അയര്‍ക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യു ഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000 ല്‍ താഴെ പിടിച്ചുനിര്‍ത്തിയാല്‍ ഇടതുമുന്നണിക്കും പ്രതീക്ഷ നിലനിര്‍ത്താം. പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണര്‍കാട്, പാമ്ബാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും. 2491 അസന്നിഹിത വോട്ടുകളും 138 സര്‍വീസ് വോട്ടുകളും ആറ് മേശകളിലായി ഇതോടൊപ്പം എണ്ണിത്തീരും. എട്ടേകാലോടെ ആദ്യ ഫലസൂചനകള്‍ കിട്ടിത്തുടങ്ങും.
അതേ ഇന്നറിയാം ഉമ്മൻ ചാണ്ടിയുടെ പകരക്കാരനായി പുതുപ്പള്ളിക്കാര്‍ തിരഞ്ഞെടുത്തത് ആരാണെന്ന്. അഞ്ചാം തിയതി നടന്ന തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണിക്ക് തുടങ്ങും. ആദ്യ മണിക്കൂറില്‍ തന്നെ പുതുപ്പള്ളിയുടെ മനസ് എങ്ങോട്ടേക്കാണെന്ന വ്യക്തമായ സൂചന ലഭിച്ചേക്കും. 72.86 ശതമാനം പോളിംഗോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്ത് പൂര്‍ത്തിയായത് ബുധനാഴ്ചയാണ്.
വോട്ടെണ്ണല്‍ തുടങ്ങും മുന്നേ തന്നെ മുന്നണികളെല്ലാം വിജയപ്രതീക്ഷയിലാണ്. നാല്പതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യു ഡി എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്ബോള്‍ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എല്‍ ഡി എഫ്.
പോളിംഗ് പൂര്‍ത്തിയായതിന് പിന്നാലെ തന്നെ അവകാശവാദങ്ങളുമായി മുന്നണികള്‍ രംഗത്തെത്തിയിരുന്നു. ചാണ്ടി ഉമ്മൻ മുപ്പതിനായിരത്തിനും നാല്പതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് ജയിക്കും എന്നാണ് യു ഡി എഫ് ക്യാമ്ബിന്റെ വിലയിരുത്തല്‍. പുതുപ്പള്ളിയില്‍ ശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടുണ്ടെന്നും യു ഡി എഫ് നേതൃത്വം കണക്കുകൂട്ടുന്നു.
എന്നാല്‍ ചെറിയ ഭൂരിപക്ഷത്തിന് എങ്കിലും ജയ്ക് സി തോമസ് വിജയിക്കും എന്നാണ് ഇടതുമുന്നണി നേതൃത്വം അവകാശപ്പെടുന്നത്. മണ്ഡലത്തിലെ ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നിട്ടില്ല എന്നാണ് സി പി എം വിലയിരുത്തല്‍. ഇതിനൊപ്പം വികസന വിഷയങ്ങളില്‍ ഊന്നി നടത്തിയ പ്രചാരണവും ജയിക്കിന് അനുകൂലമായി മാറുമെന്ന് കണക്കുകൂട്ടലിലാണ് ഇടതു നേതൃത്വം. ബൂത്തുകളില്‍ നിന്നും സമാഹരിച്ച വോട്ട് കണക്കുകള്‍ ഇരുമുന്നണി നേതൃത്വങ്ങളും വിശദമായി വിലയിരുത്തിയിട്ടുണ്ട്.
പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പ്രതികരിച്ചത്. അതേ സമയം ഇടതു പ്രചാരണം ഏശിയില്ലെന്നായിരുന്നു യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ പ്രതികരണം. ചര്‍ച്ചയായത് വികസനമെന്നായിരുന്നു എൻ ഡി എ സ്ഥാനാര്‍ഥി ലിജിൻ ലാലിന്റെ പ്രതികരണം. ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോര്‍ജിയൻ സ്കൂള്‍ ബൂത്തിലും ജെയ്ക്ക് സി തോമസ് മണര്‍കാട് എല്‍പി സ്കൂള്‍ ബൂത്തിലുമാണ് വോട്ട് ചെയ്തത്.