സ്ഥാപനങ്ങളില്‍   പി.എസ്.സി നിയമനത്തിന് നടപടി

സ്ഥാപനങ്ങളില്‍ പി.എസ്.സി നിയമനത്തിന് നടപടി

 

സ്വന്തം ലേഖകൻ

കോട്ടയം: സ്വന്തം നിലയില്‍ ജീവനക്കാരെ നിയോഗിച്ചിരുന്ന നാല് സ്ഥാപനങ്ങളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് ന്യൂനപക്ഷ കമ്മീഷന്‍. കാഞ്ഞിരപ്പള്ളി സി.സി.എം.വൈ എന്ന പി.എസ്.സി കോച്ചിംഗ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കമ്മീഷന്‍  ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഹാന്‍ഡി ക്രാഫ്റ്റ് അപ്പെക്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കേരള സ്റ്റേറ്റ് കയര്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ ഒഴിവുകളിലാണ് പി.എസ്.സി മുഖേന നിയമനം നടത്തുക. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ടു ചെയ്യ്തതായി കമ്മീഷനംഗം അഡ്വ. ബിന്ദു എം.തോമസിന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍ സ്ഥാപനങ്ങളുടെ അധികൃതര്‍   അറിയിച്ചു. നാഗമ്പടം ബസ് സ്റ്റാന്‍ഡിനു സമീപം സെന്റ് ആന്റണീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് ജനസേവന കേന്ദ്രത്തിന്റെ വാടക ലഭിക്കുന്നില്ലെന്ന പരാതിയില്‍ വാടക കുടിശ്ശിക അടിയന്തിരമായി കൊടുത്തു തീര്‍ക്കണമെന്ന് കോട്ടയം നഗരസഭാ സെക്രട്ടറിയ്ക്ക് കമ്മീഷന്‍ ഉത്തരവ് നല്‍കി. വിജയപുരം രൂപതയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഉത്തരവിന്‍മേല്‍ നഗരസഭ  സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. കാട്ടാമ്പാക്ക് കുരിശുമലയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന തീ പിടുത്തത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍  അന്വേഷണം നടത്തിയില്ലെന്നാരോപിച്ചുള്ള പരാതിയില്‍ സംഭവത്തെക്കുറിച്ച് സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് ഉത്തരവ് നല്‍കി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ പരിഗണിച്ച 20 പരാതികളില്‍ ഏഴെണ്ണം പരിഹരിച്ചു. കൂടുതല്‍ അന്വേഷണവും റിപ്പോര്‍ട്ടും ലഭിക്കേണ്ടതിനാല്‍ ബാക്കി കേസ്സുകള്‍ ആഗസ്റ്റ് 16ന് നടക്കുന്ന അടുത്ത സിറ്റിംഗില്‍ പരിഹരിക്കും. 13 പുതിയ പരാതികളും സിറ്റിംഗില്‍ ലഭിച്ചു.