അടി .. അടിയോടടി …! ആദ്യ ഓവറിലെ ആറു ഫോറുമായി പൃഥ്വിഷാ തകർത്തു: ഡൽഹിയുടെ ആക്രമണത്തിൽ കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി

അടി .. അടിയോടടി …! ആദ്യ ഓവറിലെ ആറു ഫോറുമായി പൃഥ്വിഷാ തകർത്തു: ഡൽഹിയുടെ ആക്രമണത്തിൽ കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: ആദ്യ ഓവറിൽ ആറു ബൗണ്ടറിയിൽ നിന്നുള്ള 24 റണ്ണടക്കം 25 റണ്ണുമായി പൃഥ്വി ഷായുടെ വെടിക്കെട്ടിൽ കൊൽക്കത്തയ്ക്കെതിരെ ഡൽഹിയ്ക്ക് ഉജ്വല വിജയം. വിജയത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ ഐ പി എൽ 14-ാം സീസണിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറിയുമായാണ് പൃഥ്വി ഷാ മടങ്ങിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിനാണ് ഡൽഹി തകർത്തത്. കൊൽക്കത്ത ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം 3.3 ഓവർ ബാക്കിനിൽക്കെ ഡൽഹി മറികടന്നു. 41 പന്തിൽ 82 റൺസെടുത്ത പൃഥ്വി ഷായാണ് ഡൽഹിയെ അനായാസ വിജയത്തിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കോർ:
കൊൽക്കത്ത: 154/6
ഡൽഹി: 156/3

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്കായി ഓപ്പണർ ശുഭ്മാൻ ഗിൽ മാത്രമാണ് മുന്നേറ്റനിരയിൽ പിടിച്ചു നിന്നത്. ഗിൽ 43(38) റൺസെടുത്തു. 69/1 എന്ന നിലയിൽ നിന്ന് 82/5 എന്ന സ്കോറിലേയ്ക്ക് കൊൽക്കത്ത വീണു. പിന്നീടെത്തിയ ആന്ദ്രെ റസലിൻ്റെ മിന്നുന്ന പ്രകടനമാണ് കൊൽക്കത്തയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 27 പന്തിൽ 45 റൺസെടുത്ത് പുറത്താകാതെ നിന്ന റസലാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്കായി പൃഥ്വി ഷാ ആദ്യ ഓവറിൽ തന്നെ ഉദ്ദേശം വ്യക്തമാക്കി. ശിവം മവി എറിഞ്ഞ ആദ്യ ഓവറിൽ ഷാ നേടിയത് ആറ് ബൗണ്ടറികളാണ്. ഒരു വൈഡ് ഉൾപ്പെടെ ആദ്യ ഓവറിൽ 25 റൺസ് പിറന്നു. കൊൽക്കത്ത ബൗളർമാരെ തലങ്ങും വിലങ്ങും ബൗണ്ടറി പായിച്ച ഷാ 18 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി.

ശിഖാർ ധവാൻ, ഷായ്ക്ക് മികച്ച പിന്തുണയും നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 132 റൺസ് കൂട്ടിചേർത്തു. 46(47) റൺസെടുത്ത ധവാനാണ് ആദ്യം പുറത്തായത്. ജയത്തിന് ഒമ്പത് റൺസ് അകലെ ഷായും വീണു. 11 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഷായുടെ ഇന്നിംഗ്സ്. ഒടുവിൽ 21 പന്തുകൾ ബാക്കിനിൽക്കെ ഡൽഹി ലക്ഷ്യത്തിലെത്തി.