സഹോദരന്റെ മൃതദേഹത്തിനടുത്ത് നിൽക്കാൻ ഭാര്യയും മക്കളും അനുവദിച്ചില്ല ; യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന ആരോപണവുമായി സഹോദരി : പൊഴിയൂർ സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നത് മൂന്ന് മാസങ്ങൾക്ക് ശേഷം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൂന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. സഹോദരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി.
മാർച്ച് ആറിന് രാത്രി മരിച്ച തിരുവനന്തപുരം പൊഴിയൂരിലെ പരുത്തിയൂർ സ്വദേശി ജോണിന്റെ മൃതദേഹമാണ് സെമിത്തേരിയിൽ നിന്നെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. ജോണിന്റെ സഹോദരിയുടെ പരാതിയെ തുടർന്നാണ് മൃതദേഹം വീണ്ടുമെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ മരണകാരണം ഹൃദയസ്തംഭനമാണെന്നായിരുന്നു ആദ്യം ഭാര്യയും മക്കളും ജോണിന്റെ മറ്റ് ബന്ധുക്കളോട് അറിയിച്ചിരുന്നത്. തൊട്ടടുത്ത ദിവസം സംസ്‌ക്കരിക്കുകയും ചെയ്യുകയായിരുന്നു.
എന്നാൽ മരണ ദിവസം മൃതദേഹത്തിന് അടുത്ത് നിൽക്കാൻ പോലും ബന്ധുക്കളെ
അനുവദിക്കാത്തതിൽ ദുരൂഹത തോന്നിയെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും പറഞ്ഞതെന്നും ജോണിന്റെ സഹോദരി ലീൻമേരി പറഞ്ഞു.
ഇതിൽ അസ്വാഭാവികത തോന്നിയ ലീൻമേരിയും അച്ഛനും പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസ് പിൻവലിക്കണമെന്ന് പറഞ്ഞ് ഇവർ തങ്ങളെ വല്ലാതെ നിർബന്ധിച്ചുവെന്ന് സഹോദരി പറയുന്നു എന്നാൽ തങ്ങൾക്ക് ചേട്ടന്റെ മരണകാരണം അറിയണമെന്ന് ലീൻമേരി പറഞ്ഞു.
എന്നാൽ സംഭവത്തിൽ മൃതദേഹം സംസ്‌കരിച്ച് ഒരാഴ്ചക്ക് ശേഷമാണ് പരാതി കിട്ടിയതെന്ന് പൊഴിയൂർ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യയാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ പോസ്റ്റ്‌മോർട്ടം നടത്തിതിന് ശേഷം മാത്രമേ സംസ്‌കരിക്കുമായിരുന്നുവൊള്ളൂ എന്നും പൊലീസ് പറഞ്ഞിരുന്നു.
അതേസമയം കടബാധ്യത മൂലം ജോൺ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പൊലീസിന് നൽകിയ മൊഴി. ജോണിന്റേത് സ്വാഭാവികമരണമെന്ന് ബന്ധുക്കൾ അറിയിച്ചതിനാലാണ് പള്ളിയിൽ അടക്കിയതെന്ന് പള്ളി വികാരി പൊലീസിനോട് പറഞ്ഞു.