
ലോകം ഉയിർപ്പ് തിരുന്നാൾ ആഘോഷിച്ച ഇന്നലെ ഏറെ നാളുകള്‍ക്ക് ശേഷം മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു; അവസാന സന്ദേശത്തിലും ഗാസയില്‍ ഉടൻ വെടിനിര്‍ത്തൽ കൊണ്ടുവരണമെന്ന് ആഹ്വാനം; ദുരിതമനുഭവിക്കുന്ന ഇസ്രയേല്‍, പലസ്തീന് ജനതയ്ക്കൊപ്പം നില്‍ക്കുന്നുവെന്നും സന്ദേശം
വത്തിക്കാൻ സിറ്റി: ലോകം ഉയിർപ്പ് തിരുന്നാൾ ആഘോഷിച്ച ഇന്നലെയായിരുന്നു ഏറെ നാളുകള്‍ക്ക് ശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ബാല്‍ക്കണിയില്‍ നിന്ന് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്.
അവസാന സന്ദേശത്തിലും ഗാസയില്‍ ഉടൻ തന്നെ വെടിനിര്‍ത്തൽ കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്ത മാര്‍പാപ്പ, ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരിക്കുകയാണെങ്കിലും ഇന്നലെ അപ്രതീക്ഷമായി അദ്ദേഹം വിശ്വാസികൾക്ക് മുന്നിലെത്തുകയായിരുന്നു. ഗാസയിലെ സാഹചര്യം പരിതാപകരമാണെന്ന് മാർപാപ്പ ഇന്നലെ ചൂണ്ടികാട്ടിയിരുന്നു.
ലോകത്ത് ജൂതവിരുദ്ധ മനോഭാവം വര്‍ധിച്ചുവരുന്നത് ഏറെ ആശങ്കാജനകമാണ്. ദുരിതമനുഭവിക്കുന്ന ഇസ്രയേല്‍, പലസ്തീന് ജനതയ്ക്കൊപ്പം നില്‍ക്കുന്നുവെന്നും മാര്‍പാപ്പ വ്യക്തമാക്കി. ന്യുമോണിയ ബാധിതനായി ആശുപത്രിയിലേക്കും പോകുന്നതിന് മുന്‍പും ഗാസയിലെ സാഹചര്യത്തെ അദ്ദേഹം അപലപിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തന്റെ മനസെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഈസ്റ്റർ സന്ദേശത്തിൽ ആവശ്യപ്പെട്ടു. ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തിൽ കഴിയുന്ന മാർപാപ്പ അൽപനേരമാണ് സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ബാൽകണിയിൽ വിശ്വാസികൾക്ക് ദർശനം നൽകിയത്.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ആയിരങ്ങൾക്ക് നേരെ കൈവീശി ഈസ്റ്റർ ആശംസകൾ നേർന്നു. ശ്വാസകോശ അണുബാധയെത്തുടർന്ന് ഫെബ്രുവരി 14 നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് ആഴ്ചയോളം നീണ്ട ആശുപത്രി വാസത്തിനുശേഷം മാർച്ച് 23 നാണ് മാർപാപ്പ തിരിച്ചെത്തിയത്.
ആശുപത്രി വാസത്തിനുശേഷം ഫ്രാൻസിസ് പാപ്പ പൂർണമായി ചുമതലകൾ ഏറ്റെടുത്തിട്ടില്ല. പെസഹ വ്യാഴാഴ്ച മാർപാപ്പ റോമിലെ റെജീന കെയ്ലി ജയിൽ സന്ദർശിച്ചിരുന്നു. ഞായറാഴ്ച അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസുമായും അദ്ദേഹം ഹ്രസ്വ കൂടിക്കാഴ്ച നടത്തി.