
പൂന്തുറയിൽ യുവതിക്ക് അയൽവാസികളുടെ ക്രൂരമർദ്ദനമേറ്റ സംഭവം: ഒരാൾ പിടിയിൽ; രണ്ടാംപ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൂന്തുറയിൽ യുവതിക്ക് അയൽവാസിയുടെ ക്രൂരമർദനമേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. യുവതിയെ മർദ്ദിച്ച അയൽവാസിയായ സുധീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാംപ്രതി നൗഷാദിനായി തിരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച രാവിലെ പത്തരയോടെയാണ് പൂന്തുറ സ്വദേശി ആമിനയ്ക്കാണ് മർദനമേറ്റത്. ആമിന തൻറെ വീടിൻറെ താഴത്തെ നില ജോലിക്കാരായ രണ്ട് പേർക്ക് വാടകയ്ക്ക് നൽകിയിരുന്നു. ഈ യുവാക്കൾ ബഹളമുണ്ടാക്കുന്നത് സംബന്ധിച്ച് അയൽവാസികളും ഇവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് മർദനത്തിൽ കലാശിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയെ വീട്ടിൽ കയറി മർദിക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഗെയ്റ്റ് തള്ളിത്തുറന്ന് ആമിനയുടെ വീട്ടിലെത്തിയ യുവാക്കൾ ഇവരെ മുടിക്ക് കുത്തിപ്പിടിച്ച് മർദിക്കുകയായിരുന്നു.
മതിലിനോട് ചേർത്ത് തല ഇടിക്കുന്നതും വീഡിയോയിൽ കാണാം. നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരും ഏറെ പണിപ്പെട്ടാണ് സുധീറിനെയും നൗഷാദിനെയും പിടിച്ചുമാറ്റിയത്.
തടയാൻ ശ്രമിച്ചവരെ ഇവർ തട്ടിമാറ്റുന്നുണ്ട്. സാരമായി പരിക്കേറ്റ് ആമിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദനമെന്ന് നാട്ടുകാർ പറയുന്നു. ഇതിന് മുമ്പും അയൽവാസികളിൽ നിന്നും ആമിനയ്ക്കും അമ്മയ്ക്കും ഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.