video
play-sharp-fill

500 രൂപയുടെ കഞ്ചാവ് 300 രൂപയ്ക്ക്; ഡിസ്കൗണ്ട് അഡ്വാൻസായി പണം നൽകുന്നവർക്ക് മാത്രം; ഗവ. പോളിടെക്‌നിക് കോളേജിൽ വില്പനക്കായി കഞ്ചാവ് എത്തിച്ച സംഭവത്തിൽ പൂർവവിദ്യാർത്ഥികൾ പിടിയിലായതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്; സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് സൂചന

500 രൂപയുടെ കഞ്ചാവ് 300 രൂപയ്ക്ക്; ഡിസ്കൗണ്ട് അഡ്വാൻസായി പണം നൽകുന്നവർക്ക് മാത്രം; ഗവ. പോളിടെക്‌നിക് കോളേജിൽ വില്പനക്കായി കഞ്ചാവ് എത്തിച്ച സംഭവത്തിൽ പൂർവവിദ്യാർത്ഥികൾ പിടിയിലായതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്; സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് സൂചന

Spread the love

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിൽ വില്പനക്കായി കഞ്ചാവ് എത്തിച്ച സംഭവത്തിൽ ആലുവ സ്വദേശികളായ രണ്ട് പേർകൂടി അറസ്റ്റിൽ. കോളേജിലെ പൂർവവിദ്യാർത്ഥികളായ ആഷിഖ്, ഷാലിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഞ്ചാവ് കോളേജിൽ എത്തിച്ചു എന്ന കാര്യം ഇവർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഇത് സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നു തൃക്കാക്കര എസിപി പി.വി ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്. പ്രതികളിൽനിന്ന് കുറച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ പിടിയിലായിരിക്കുന്നവരാണ് കഞ്ചാവ് കോളേജിൽ എത്തിച്ചു നൽകിയത് എന്ന കാര്യം സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഇത് സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ഇപ്പോൾ ഇവർ നൽകിയിരിക്കുന്ന മൊഴി പൂർണമായി വിശ്വസിക്കാവുന്നതല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തുടർ നടപടിയുള്ളൂ വിദ്യാർത്ഥികൾ ഉൾപ്പെട്ട കേസായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും തൃക്കാക്കര എസിപി പി.വി ബേബി പറഞ്ഞു. അറസ്റ്റ് ചെയ്ത രണ്ടുപേർക്കും കേസിൽ നേരിട്ട് പങ്കാളിത്തമുണ്ട്. കൂടുതൽ പേർ പ്രതികളാവാനും സാധ്യതയുണ്ട്. ഇത്രയും വലിയ അളവിൽ ആദ്യമായാണ് കോളേജിലേക്ക് കഞ്ചാവ് കൊണ്ടുവന്നിട്ടുള്ളത്.

എന്നാൽ, നേരത്തെ ചെറിയ തോതിൽ ഇവർ കഞ്ചാവ് കോളേജിൽ എത്തിച്ചിട്ടുണ്ട്. ഇവർക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിക്കുന്നത്, ആരാണ് വിതരണക്കാർ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷണത്തിലാണ്. ഇതര സംസ്ഥാനക്കാരാണ് കഞ്ചാവ് എത്തിക്കുന്നതെന്നാണ് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ, ഇത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പോലീസ് ശേഖരിക്കുകയാണ്.

കൂടാതെ കോളേജ്, ഹോസ്റ്റൽ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതൽ വിപുലപ്പെടുത്തും. ഇതിൽ കൂടുതൽ പേർ പങ്കാളികളായിട്ടുള്ളതായാണ് കരുതുന്നതെന്നും അതിനുള്ള തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും എസിപി പറഞ്ഞു. കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്‌ത ആകാശിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. കഞ്ചാവ് മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് ഡിസ്കൗണ്ടായും കഞ്ചാവ് വില്പന നടത്തിയിരുന്നു.

500 രൂപയുടെ കഞ്ചാവ് 300 രൂപയ്ക്ക് കൊടുക്കുക, അഡ്വാൻസ് പണം നൽകുന്നവർക്ക് മാത്രം നൽകുക തുടങ്ങിയ രീതികളായിരുന്നു കോളേജിൽ ഉണ്ടായിരുന്നത്. കളമശ്ശേരി പോളിടെക്‌നിക്കിൽ ഹോളി ആഘോഷത്തിനെത്തിച്ച വൻകഞ്ചാവ് ശേഖരമാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. കൊല്ലം കുളത്തൂപ്പുഴ ആകാശ് (21), ആലപ്പുഴ കാർത്തികപ്പിള്ളി സ്വദേശി ആദിത്യൻ (20), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആർ. അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്.

ആകാശിന്റെ മുറിയിൽനിന്ന് 1.909 കിലോഗ്രാമും കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായ അഭിരാജിൻറേയും ആദിത്യന്റേയും മുറിയിൽനിന്ന് 9.7 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഞ്ചാവിന്റെ അളവ് ഒരു കിലോഗ്രാമതിൽ താഴെ ആയതിനാൽ അഭിരാജിനേയും ആദിത്യനേയും സ്റ്റേഷൻ ജാമ്യത്തിൽവിട്ടിരുന്നു.

ഇതോടെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത‌ത്. സംഭവത്തിൽ ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പണം വന്നെന്നും പോയെന്നുമുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.