play-sharp-fill
വഴിയിലിറങ്ങുന്നവർ പേടിക്കേണ്ട ഓടിക്കോ..!  കൊറോണക്കാലത്ത് പറഞ്ഞാൽ കേക്കാത്തവരെ പിടിക്കാൻ ജില്ലയ്ക്ക് രണ്ടു ഡിവൈ.എസ്.പിമാർ കൂടി; അറിയാത്ത പിള്ളേർ ഇനി അടികിട്ടുമ്പോൾ അറിയും

വഴിയിലിറങ്ങുന്നവർ പേടിക്കേണ്ട ഓടിക്കോ..!  കൊറോണക്കാലത്ത് പറഞ്ഞാൽ കേക്കാത്തവരെ പിടിക്കാൻ ജില്ലയ്ക്ക് രണ്ടു ഡിവൈ.എസ്.പിമാർ കൂടി; അറിയാത്ത പിള്ളേർ ഇനി അടികിട്ടുമ്പോൾ അറിയും

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ അനാവശ്യമായി വഴിയിലിറങ്ങി നടക്കുന്നവരെ കൈകാര്യം ചെയ്യാൻ ജില്ലയിൽ രണ്ടു പുതിയ ഡിവൈ.എസ്.പിമാർ കൂടി വരുന്നു. രണ്ടു സബ് ഡിവിഷനുകൾ കൂടി രൂപീകരിച്ചാണ് ജില്ലയിൽ പൊലീസ് നടപടികൾ കർശനമാക്കുന്നത്.


പറഞ്ഞിട്ടും, കേട്ടിട്ടും അറിയാത്തവർ ഇനി കൊണ്ടറിയുന്ന കാലമാണ് ജില്ലയിൽ വരുന്നതെന്ന സൂചനയാണ് ജില്ലാ പൊലീസ് നൽകുന്നത്. ഏറ്റുമാനൂരിലും കടുത്തുരുത്തിയിലുമാണ് പുതിയ കൊറോണക്കാല ഡിവൈ.എസ്പിമാർ എത്തുന്നത്. നിലവിലുള്ള അഞ്ചു ഡിവൈ.എസ്.പിമാരെ കൂടാതെയാണ് പുതുതായി രണ്ടു ഡിവൈ.എസ്.പിമാർ കൂടി ജില്ലയിൽ എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലൻസ് ഡിവൈ.എസ്.പി എൻ.രാജൻ മേൽനോട്ടം വഹിക്കുന്ന ഏറ്റുമാനൂർ സബ് ഡിവിഷനു കീഴിൽ അയർക്കുന്നം, ഏറ്റുമാനൂർ, ഗാന്ധിനർ പൊലീസ് സ്റ്റേഷനുകൾ ഉണ്ടാകും. ഈ മൂന്നു പൊലീസ് സ്റ്റേഷനുകളുടെ ദൈനം ദിന ചുമതല ഡിവൈ.എസ്.പി എൻ രാജനായിരിക്കും. കൊറോണയുമായി ബന്ധപ്പെട്ടുള്ള കേസുകൾ അടക്കം കൈകാര്യം ചെയ്യുന്നതും ഇദ്ദേഹമാകും. കടുത്തുരുത്തി സബ് ഡിവിഷന്റെ ചുമതല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സേവ്യർ സെബാസ്റ്റ്യനാണ്. ഇദ്ദേഹത്തിന്റെ കീഴിൽ കടുത്തുരുത്തി, വെള്ളൂർ, കുറവിലങ്ങാട് പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർമാരും പൊലീസ് ഉദ്യോഗസ്ഥരും വരും.

പകൽ റോഡിലിറങ്ങുന്ന വാഹനങ്ങൾ തടയുന്നതും ബോധവത്കരിക്കുന്നതും, തിരിച്ചയക്കുന്നതും കേസെടുക്കുന്നതും കൂടാതെ രാത്രി റോഡിലിറങ്ങുന്ന വാഹനങ്ങളെ പിടികൂടാനുള്ള പെട്രോളിംങും ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി രണ്ടു ഇൻസ്‌പെക്ടർമാരെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് നിയോഗിച്ചിട്ടുണ്ട്. ഇൻസ്പെക്ടർമാരായ റിജോ പി.ജോസഫിനും, എം.എം ജോസിനുമാണ് രാത്രി പെട്രോളിംങിന്റെ ചുമതല. രാത്രിയിൽ റോഡിലിറങ്ങുന്ന വാഹനങ്ങൾക്കെല്ലാം പൊലീസിന്റെ വിലക്കും വിലങ്ങുമുണ്ടാകും.

നിലവിൽ കോട്ടയത്ത് ആർ.ശ്രീകുമാർ, ചങ്ങനാശേരിയിൽ എസ്.സുരേഷ്‌കുമാർ, പാലായിൽ ഷാജിമോൻ ജോസഫ്,  വൈക്കത്ത് സി.ജി സനിൽകുമാർ, കാഞ്ഞിരപ്പള്ളിയിൽ ജെ.സന്തോഷ്‌കുമാർ എന്നിവരാണ് നിലവിലുള്ള ഡിവൈ.എസ്.പിമാർ. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ ക്രമസമാധാന പാലനം കൂടുതൽ ബുദ്ധിമുട്ട് നിറഞ്ഞതോടെയാണ് പുതിയ സബ് ഡിവിഷനുകൾ രൂപീകരിക്കാൻ ജില്ലാ പൊലീസ് തീരുമാനിച്ചത്.

കൊറോണ ബാധയുടെ പശ്ചാത്തലത്തലത്തിൽ വിജിലൻസിൽ നിന്നും ക്രൈം ബ്രാഞ്ചിൽ നിന്നും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ജില്ലാ പൊലീസ് മേധാവിയ്ക്കു സർക്കാർ അനുവദിച്ചിട്ടുണ്ട്.