ശബരിമല ഡ്യൂട്ടിയ്ക്കായി വീട്ടിൽ നിന്നിറങ്ങി: എസ്.ഐയെ കാണാതായി; സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; ഡ്യൂട്ടിയ്ക്ക് പോകാൻ താല്പര്യമില്ലെന്നറിയിച്ചിട്ടും ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല ഡ്യൂട്ടിയ്ക്കായി വീട്ടിൽ നിന്നിറങ്ങിയ ഗ്രൈഡ് എസ്.ഐയെ കാണാതായി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയതോടെ പൊലീസ് പ്രതിരോധത്തിലായി. രാമങ്കരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഐ.ജി അഗസ്റ്റിനെയാണ് കാണാനില്ലെന്ന് കാട്ടി ഭാര്യ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ശബരിമല ഡ്യൂട്ടിയ്ക്ക് പോകാൻ താല്പര്യമില്ലെന്ന് അറിയിച്ചിട്ടും അഗസ്റ്റിനെ മേലുദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ 29 നായിരുന്നു അഗസ്റ്റിന് ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. ഇതിനായി വീട്ടിൽ നിന്നും ഇറങ്ങിയെങ്കിലും ഇദ്ദേഹം ശബരിമലയിലോ, റിപ്പോർട്ട് ചെയ്യേണ്ട നിലയ്ക്കലിലോ എത്തിയില്ല. ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ഇവർ അഗസ്റ്റിൻ ജോലി ചെയ്തിരുന്ന സ്‌റ്റേഷനിൽ തന്നെ പരാതി നൽകുകയായിരുന്നു. എന്നാൽ, ഇതുവരെയും ഇദ്ദേഹത്തെപ്പറ്റി കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇത് ബന്ധുക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്.
ജോലിയിൽ നിന്നും വിരമിക്കാൻ ഒരു മാസം മാത്രമായിരിക്കെയാണ് അഗസ്റ്റിനെ ഇപ്പോൾ കാണാതായിരിക്കുന്നത്. സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണം കൂടി ഉയർന്നതോടെ പൊലീസും സമ്മർദത്തിലായിരിക്കുകയാണ്. സഹ പ്രവർത്തകനെ കാണാതായി ഒരു മാസം കഴിഞ്ഞിട്ടും തുമ്പ് കണ്ടെത്താൻ സാധിക്കാത്തതിൽ കടുത്ത ആശങ്കയിലാണ് പൊലീസും.