play-sharp-fill
മലകയറാൻ വൃതമെടുത്ത് മാലയിട്ട് 30 യുവതികൾ ആദ്യമെത്തുന്നത് കോട്ടയത്ത്: വിശ്വാസികളായ തമിഴ് യുവതികളെ തടയുന്നത് എന്തിനെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ:  ഞായറാഴ്ച എത്തുന്ന യുവതികളെ കോട്ടയത്ത് തടയാൻ ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികൾ: റെയിൽവേ സ്‌റ്റേഷൻ സംഘർഷ ഭൂമിയാകുമെന്ന് ഉറപ്പായി: അതീവ ജാഗ്രതയിൽ പൊലീസ്

മലകയറാൻ വൃതമെടുത്ത് മാലയിട്ട് 30 യുവതികൾ ആദ്യമെത്തുന്നത് കോട്ടയത്ത്: വിശ്വാസികളായ തമിഴ് യുവതികളെ തടയുന്നത് എന്തിനെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ: ഞായറാഴ്ച എത്തുന്ന യുവതികളെ കോട്ടയത്ത് തടയാൻ ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികൾ: റെയിൽവേ സ്‌റ്റേഷൻ സംഘർഷ ഭൂമിയാകുമെന്ന് ഉറപ്പായി: അതീവ ജാഗ്രതയിൽ പൊലീസ്

സ്വന്തം ലേഖകൻ


കോട്ടയം: സംഘർഷങ്ങൾ ഒഴിഞ്ഞ ശബരിമല ശാന്തമായി, തീർത്ഥാടനം സുഗമമായി നടക്കുന്നതിനിടെ എരിതീയിൽ എണ്ണയൊഴിക്കാൻ 30 തമിഴ് സ്ത്രീകൾ എത്തുന്നു. കറുപ്പണിഞ്ഞ് വൃതമെടുത്ത് മാലയിട്ട് ഇരുമുട്ടിക്കെട്ടുമായി എത്തുന്ന വിശ്വാസികളായ സ്ത്രീകളെ തടയാൻ ഹൈന്ദവ സംഘടനകൾ നൂറുകണക്കിന് സ്ത്രീകളെയുമായി കോട്ടയം റെയിൽവേ സ്‌റ്റേഷനു മുന്നിൽ തമ്പടിക്കുന്നതോടെ ശബരിമല വീണ്ടും സംഘർഷ ഭൂമിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. ഇതോടെ തീർത്ഥാടന കാലം വീണ്ടും സംഘർഷത്തിൽ കലാശിക്കും. സമരങ്ങളും സംഘർഷങ്ങളും ഒഴിഞ്ഞ് സന്നിധാനത്തേയ്ക്ക് ഭക്തർ ഒഴുകിയെത്തുമ്പോഴാണ് ഇപ്പോൾ വീണ്ടും സംഘർഷ ഭീഷണി ഉയരുന്നത്. ഞായറാഴ്ച കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തി സന്നിധാനത്തേയ്ക്ക് യാത്ര തിരിക്കുമെന്നാണ് ഈ യുവതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. 
ചെന്നൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മനിതി (സ്ത്രീ) സംഘടനയിൽപ്പെട്ടവരാണ് എത്തുന്നത്. തങ്ങൾ ശബരിമലയിലേയ്ക്ക് എത്തുമെന്നും സുരക്ഷ നൽകാമെന്നു സർക്കാർ അറിയിച്ചതായും മനിതി കോ ഓർഡിനേറ്റിങ് കമ്മിറ്റി അംഗം എസ്. സുശീല വ്യക്തമാക്കി. യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നപ്പോൾ തന്നെ സംഘടനയിലെ ചിലർ ശബരിമലയിലേക്കു പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു. ആ സമയത്തു സുരക്ഷാ പ്രശ്നം ഉണ്ടായിരുന്നതിനാൽ തീരുമാനം മാറ്റി. രണ്ടാഴ്ച മുൻപു മുഖ്യമന്ത്രിക്ക് ഇ മെയിൽ അയച്ചു. ദർശനത്തിനു സുരക്ഷ ഒരുക്കണമെന്നായിരുന്നു അഭ്യർത്ഥന. ഉചിത നടപടി എടുക്കാമെന്നും പൊലീസിന് ആവശ്യമായ നിർദ്ദേശം നൽകാമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നൽകി. ഈ സാഹചര്യത്തിലാണ് മനിതി മുന്നോട്ട് പോകുന്നത്.കഴിഞ്ഞ ദിവസം കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു വിവരങ്ങൾ തിരക്കി. 23നു രാവിലെ കോട്ടയത്ത് ഏവരും ഒത്തുചേരുമെന്നും അവിടെ നിന്നു ശബരിമലയിൽ പോകുമെന്നും ശുശീല പറഞ്ഞു. 
‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള മുപ്പതോളം യുവതികളും അഞ്ഞൂറോളം പുരുഷന്മാരുമാണ് സംഘത്തിലുണ്ടാവകുയെന്നാണ് സൂചന. ശബരിമലയിലേക്ക് വന്ന യുവതികൾക്ക് വേണ്ടത്ര ദൃഢനിശ്ചയം ഇല്ലാത്തതുകൊണ്ടാകാം അവർക്ക് അയ്യപ്പ സന്നിധിയിലെത്താൻ കഴിയാതിരുന്നതെന്നും ലിംഗസമത്വത്തിൽ വിശ്വസിക്കുന്ന സർക്കാർ തങ്ങൾക്ക ആവശ്യമായ സംരക്ഷണം തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനിതി വ്യക്തമാക്കുന്നു. വിശ്വാസികൾ പരമ്ബരാഗത രീതിയിൽ കെട്ടുനിറച്ച് ഇരുമുടിക്കെട്ടുമായി മലകയറാനാണ് ഒരുങ്ങുന്നത്. കേരളത്തിൽ നിന്നും പത്ത് യുവതികൾ ഉണ്ടാകും.സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി തമിഴ്നാട്ടിൽ രൂപം കൊണ്ട സ്വതന്ത്രസംഘടനയാണ് മനിതി.  വിശ്വാസികളും അല്ലാത്തവരുമായ ഒരു കൂട്ടം യുവാക്കളാണ് യാത്രക്ക് മുൻകൈയെടുക്കുന്നത്. യാത്രയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മറ്റ് പുരോഗമന പ്രസ്ഥാനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. അതിനിടെ സർക്കാർ ഇരട്ടത്താപ്പുകാട്ടുമോ എന്ന ആശങ്ക സജീവമാണ്. ഇവരെ കോട്ടയത്ത് തന്നെ തടയുമെന്ന് അയ്യപ്പ കർമ്മ സമിതി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ കോട്ടയത്ത് സംർഷമെത്തിക്കുന്നതാകും ഇവരുടെ വരവ്. ട്രാൻസ് ജെൻഡേഴ്സിനെ പോലും മല ചവിട്ടുന്നതിൽ നിന്ന് ആദ്യം പൊലീസ് തടഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഈ യുവതികളോട് എന്ത് നിലപാട് എടുക്കുമെന്നതാണ് നിർണ്ണായകം.