
കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതന്റെ അറസ്റ്റിൽ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. സുഗതന്റെ വീട് പൂർണമായും സിസിടിവി നിരീക്ഷണത്തിലാണെന്നും ദൃശ്യങ്ങൾ പുറത്തുവിടട്ടെയെന്നും പൊലീസ് പറയുന്നു. സുഗതന്റെ ഭാര്യയുടെ മാല പൊട്ടിച്ചെന്നും മകന് നേരെ തോക്ക് ചൂണ്ടിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഈ ആരോപണങ്ങളൊക്കെ പോലീസ് തള്ളി. അതേസമയം വധശ്രമ കേസിലെ രണ്ടാം പ്രതിയായ സുഗതന്റെ സഹോദരൻ സന്ദീപിനെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്.
കാപ്പാ ചുമത്തി ജില്ലാ കളക്ടർ കരുതൽ തടങ്കലിലിടാൻ നിർദേശിച്ച ആളാണ് വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ. ഒളിവിൽ കഴിഞ്ഞിരുന്ന സുഗതനെ പിടികൂടാൻ ഇന്നലെ രാത്രി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾ. ബിജെപി പ്രവർത്തകർ പൊലീസിനെ വളഞ്ഞതോടെ എസ്എച്ച്ഒ ആകാശത്തേയ്ക്ക് നിറയൊഴിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും സുഗതനെതിരെ വീണ്ടും കേസെടുത്തു.
അറസ്റ്റ് ചെയ്തതിന് പിന്നാലെ സുഗതനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. കാപ്പാകേസ് പ്രതിയായതിനാലാണ് വിചാരണയില്ലാതെ ജയിലിലേക്ക് മാറ്റിയത്. ഇതാദ്യമായാണ് കാപ്പാ കേസിൽ ഒരു കൗൺസിലർ ജയിലിൽ പോകുന്നത്. സംഘർഷാവസ്ഥ നിലനിന്നതു കൊണ്ടാണ് ആകാശത്തേക്ക് വെടിവയ്ക്കേണ്ടിവന്നത് എന്നാണ് പൊലീസ് വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group







