
കോഴിക്കോട്: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പരിശോധനകള്‍ക്കിടയിലും സമൂഹമാധ്യമങ്ങള്‍ വഴി ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ‘സ്ലീപ്പർ സെല്ലുകള്‍’ സജീവമെന്ന് കണ്ടെത്തല്‍.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന സൈബർ വളണ്ടിയറും കാസർകോഡ് സ്വദേശിയുമാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് തെളിവുകള്‍ സഹിതമുള്ള പരാതി ഡി.ജി.പിക്ക് കഴിഞ്ഞ ദിവസം നല്‍കി.
ഇൻസ്റ്റഗ്രാം വഴിയാണ് രാസലഹരി ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുന്നതിന് യുവതി യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന റീല്‍സുകളും ചെറിയ ഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തിനകത്ത് നിന്നും പുറത്തു നിന്നും ഉപയോഗിക്കുന്ന 397 ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങള്‍ സഹിതമാണ് പരാതി സമർപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റഗ്രാം യു.ആർ.എല്‍ സഹിതമാണ് വിവരങ്ങള്‍ നല്‍കിയത്. ഇതില്‍ നിന്ന് അക്കൗണ്ട് ഉടമകളുടെ പൂർണവിവരങ്ങള്‍ കണ്ടെത്താനാകും.
സമൂഹമാധ്യമങ്ങള്‍ വഴി ഇത്തരത്തില്‍ മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നത് കുറ്റകരമാണ്. 1985ലെ മയക്കുമരുന്ന് നിരോധന നിയമത്തിന്റെ (എൻ.ഡി.പി.എസ് ആക്‌ട് ) ലംഘനവും, അതോടൊപ്പം സോഷ്യല്‍ മീഡിയ, സൈബർ ഉള്ളടക്ക നിയമങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് പരാതി സമർപ്പിച്ചത്.
വിദ്യാർഥികളുള്‍പ്പെടെ നിരവധി യുവാക്കള്‍ ഇത്തരത്തിലുള്ള റീല്‍സുകള്‍ നിരന്തരം പിന്തുടരുന്നുണ്ടെന്നും ഇവരില്‍ ഏറെയും പേർ ലഹരി ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണെന്നുമാണ് കണ്ടെത്തല്‍.
ഈ സാഹചര്യത്തില്‍ ലഹരി പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്നുമാണ് പരാതിയിലുള്ളത്. കഴിഞ്ഞ വർഷം നവംബർ 25 ന് നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഡയരക്ടർക്കും സംസ്ഥാന പൊലിസ് മേധാവിയ്ക്കും ഇത് സംബന്ധിച്ചുള്ള പരാതി നല്‍കിയിരുന്നു.
യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ലഹരി മാഫിയയ്‌ക്കെതിരേ ഓപ്പറേഷൻ തൂഫാൻ എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിച്ചതോടെയാണ് വീണ്ടും വിവരങ്ങള്‍ കൈമാറിയത്.
യുവാക്കളെ ആകർഷിപ്പിക്കും വിധത്തില്‍ വീഡിയോകള്‍ ചിത്രീകരിച്ചാണ് പങ്കുവയ്ക്കുന്നത്. കൂടാത സൈബർ വളണ്ടിയർമാർ വഴിയും പൊതുജനങ്ങളില്‍ നിന്നുമെല്ലാം ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാറുണ്ടെന്നും ഇന്ത്യയ്ക്കകത്തുള്ള അക്കൗണ്ടുകള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും സൈബർ ഓപ്പറേഷൻ വിഭാഗം അറിയിച്ചു.







