
പൊലീസ് ജീപ്പിലെത്തിയത് യൂണിഫോമില്ലാതെ; കാലിലെ ചെളി ഉരച്ച് വീട് വൃത്തികേടാക്കി; അസമയത്ത് വീട്ടിലെത്തിയ എസ് ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
സ്വന്തം ലേഖകൻ
ബത്തേരി: അസമയത്ത് വീട്ടിലെത്തിയ എസ് ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.
വയനാട് പുല്പള്ളി സ്റ്റേഷനിലെ എസ് ഐ കെ എസ് ജിതേഷ്, എഎസ്‌ഐ സി വി തങ്കച്ചന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വി ജെ സനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ എന്‍ ശിഹാബ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂര്‍ റെയ്‌ഞ്ച് ഡി ഐ ജി രാഹുല്‍ ആര്‍ നായരാണ് നടപടിയെടുത്തത്. പൊലീസ് ഓഫീസറുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് നാലംഗസംഘം അപ്പപ്പാറയിലുള്ള വീട്ടിലെത്തിയത്.
സമന്‍സ് നല്‍കാനാണ് എത്തിയതെന്നാണ് ഇവര്‍ വീട്ടുകാരെ അറിയിച്ചത്. ഈ സമയം വീട്ടമ്മയുടെ പ്രായമായ മാതാപിതാക്കളും പ്രസവിച്ചുകിടക്കുന്ന മകളുമാണ് വീട്ടിലുണ്ടായിരുന്നത്. മകനും മരുമകനും സമീപത്തുള്ള വിവാഹത്തിന് പങ്കെടുക്കാന്‍ പോയിരുന്നു.
പൊലീസ് ജീപ്പിലെത്തിയ നാലുപേര്‍ക്കും യൂണിഫോമും ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. കാലിലെ ചെളി ഉരച്ച് വീട് വൃത്തികേടാക്കുകയും ചെയ്തു. സംഭവത്തില്‍ പന്തികേടുതോന്നിയ വീട്ടമ്മ ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.