താഴത്തങ്ങാടി കൊലപാതകം: വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ അരുൺ അടക്കമുള്ള ഉദ്യോഗസ്ഥർക്കു മികച്ച കുറ്റാന്വേഷകനുള്ള പുരസ്‌കാരം; പുരസ്‌കാരം സമ്മാനിക്കുന്നത് ജില്ലാ പൊലീസ് മേധാവിയുടെ ക്രൈം കോൺഫറൻസിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തന്ത്രപരമായി കുടുക്കിയ കുറ്റാന്വേഷണ മികവിന് ജില്ലാ പൊലീസ് മേധാവിയുടെ പുരസ്‌കാരം. കേസ് സ്തുത്യർഹമായി അന്വേഷിച്ചു 24 മണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്തിയ മികവിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ, വെസ്റ്റ് പ്രിൻസിപ്പൽ എസ്.ഐ ടി.ശ്രീജിത്ത്, പ്രൊബേഷൻ എസ്.ഐ ടി.സുമേഷ്, ഗ്രേഡ് എസ്.ഐമാരായ എസ്.സന്തോഷ്, കെ.കെ രാജേഷ്, എ.എസ്.ഐ പി.എൻ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രദീപ്കുമാർ എന്നിവർക്കാണ് പുരസ്‌കാരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലകളിൽ മൂന്നു മാസം കൂടുമ്പോൾ കുറ്റാന്വേഷണ മികവിന് പുരസ്‌കാരം നൽകണമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രത്യേക കമ്മിറ്റി ചേരുകയായിരുന്നു. ഈ കമ്മിറ്റിയാണ് വെസ്റ്റ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥർക്കു പുരസ്‌കാരം നൽകാൻ തീരുമാനിച്ചത്.
ഈ ഉദ്യോഗസ്ഥർക്കു ജില്ലാ പൊലീസ് മേധാവിയുടെ ക്രൈം കോൺഫറൻസിൽ സർട്ടിഫിക്കറ്റും മെഡലും നൽകും. ഇത് ഇവരുടെ സർവീസ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യും. ഇത് കൂടാതെ സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരത്തിനു പരിഗണിക്കുമ്പോൾ ഈ പുരസ്‌കാരവും പരിഗണിക്കും.
കഴിഞ്ഞ ജൂൺ ഒന്നിനാണ് അയൽവാസിയായ മുഹമ്മദ് ബിലാൽ സാലിയെയും ഭാര്യയെയും ആക്രമിച്ചത്. ആക്രമണത്തിൽ സാലിയുടെ ഭാര്യ ഷീബ (60) സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ജൂൺ ഒന്നിന് രാവിലെ പത്തു മണിയോടെയാണ് സാലിയ്ക്കു തലയ്ക്കടിയേറ്റത്. പരിക്കേറ്റ മുഹമ്മദ് സാലിയെ അന്നു വൈകിട്ട് മൂന്നു മണിയോടെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ജൂലായ് പത്തിനു മുഹമ്മദ് സാലിയും മരിച്ചു. സംഭവത്തിൽ താഴത്തങ്ങാടി പാറപ്പാടം വേളൂർ കരയിൽ മാലിയിൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് ബിലാലിനെ(23) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ബിലാൽ ഇപ്പോൾ കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.