
തിരുവനന്തപുരം: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി 20 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍.
മലേഷ്യയില്‍ നിന്നും നാട്ടിലെത്തിയ പ്രതി വിമാനത്താവളത്തില്‍ അറസ്റ്റിലാകുക ആയിരുന്നു. ചോറ്റാനിക്കര തിരുവാങ്കുളത്ത് അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന രാകേഷ് രാമചന്ദ്രന്‍ (40) ആണ് പേട്ട പൊലീസിന്റെ പിടിയിലായത്. 2024ല്‍ ആണ് പെരുന്താന്നി സ്വദേശിനിയുമായി രാകേഷ് പരിചയപ്പെടുന്നതും വിവാഹ വാദ്ഗാനം നല്‍കി പണം തട്ടുന്നതും.
യുവതിക്ക് വിദേശത്ത് ഉയര്‍ന്ന ശമ്പളമുള്ള ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു പലപ്പോഴായി പണം വാങ്ങി. ഒടുവില്‍ സഹോദരന്റെ ചികിത്സയ്ക്കാണെന്നു പറഞ്ഞു വന്‍ തുക വാങ്ങുകയായിരുന്നു. പിന്നീട് തട്ടിപ്പു മനസ്സിലാക്കിയ യുവതി പൊലീസില്‍ പരാതി നല്‍കി. പ്രതി മലേഷ്യയില്‍ ആയതിനാല്‍ പിടികൂടാന്‍ സാധിച്ചിരുന്നില്ല. നാട്ടിലേക്കു വരുന്നുവെന്ന സൂചന ലഭിച്ചയുടനെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ എത്തിയ രാകേഷിനെ അധികൃതര്‍ തടഞ്ഞു വച്ചു പേട്ട പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇയാളുടെ തട്ടിപ്പിന് ഒട്ടേറെപ്പേര്‍ ഇരകളായെന്നാണ് വിവരം. വിവിധ സ്റ്റേഷനുകളില്‍ പരാതി ലഭിച്ചതായി പൊലീസ് പറഞ്ഞു. താന്‍ വിദേശത്തു വച്ചു മരിച്ചെന്ന് സ്വന്തം ബന്ധുക്കളെപ്പോലും വിശ്വസിപ്പിച്ച് ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.







