
പൂട്ടിക്കിടന്ന വീടിനുള്ളിൽ ആൾപെരുമാറ്റം.. മോഷ്ടാക്കളെന്ന് കരുതി പൊലീസിൽ അറിയിച്ചു; പൊലീസെത്തിയതോടെ കള്ളന് പകരം കഞ്ചാവ്; ചില്ലറ വിൽപ്പനയ്ക്കായി കഞ്ചാവ് ചെറു പൊതികളാക്കുകയായിരുന്ന യുവതി ഉൾപ്പെടെ മൂന്നംഗ സംഘം പിടിയിൽ; ഇവരിൽനിന്ന് 2.115 കിലോ കഞ്ചാവ് പിടിച്ചെടുത്തു
കൽപ്പറ്റ: വയനാട്ടിൽ മൂന്നംഗ കഞ്ചാവ് സംഘം കുടുങ്ങിയത് നാട്ടുകാരുടെ ജാഗ്രതയിൽ. പൂട്ടിക്കിടന്ന വീടിനുള്ളിൽ ആൾപെരുമാറ്റം ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. വീടിനുള്ളിൽ മോഷ്ടാക്കളെന്നായിരുന്നു പ്രദേശവാസികൾ കരുതിയത്.
എന്നാൽ, പൊലീസെത്തിയതോടെ കഥ മാറുകയായിരുന്നു. ചില്ലറ വിൽപ്പനയ്ക്കായി കഞ്ചാവ് ചെറു പൊതികളാക്കുകയായിരുന്നു യുവതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘം. മലപ്പുറം മാറഞ്ചേരി, ചേലത്തൂർ വീട്ടിൽ സി. അക്ഷയ്(21), കണ്ണൂർ, ചാവശ്ശേരി, അർഷീന മൻസിൽ, കെ.കെ. അഫസൽ(27), പത്തനംതിട്ട, മണ്ണടി, കൊച്ചുകുന്നത്തുവിള വീട്ടിൽ അക്ഷര(26) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
കല്പറ്റ കാവുംമന്ദം സൊസൈറ്റിപടിയിലെ പൂട്ടിക്കിടക്കുന്ന വീടിനുള്ളിൽ നിന്നാണ് പടിഞ്ഞാറത്തറ പൊലീസ് ഇവരെ പിടികൂടിയത്. 2.115 കിലോഗ്രാം കഞ്ചാവും ഇവരുടെ പക്കൽനിന്നും പിടിച്ചെടുത്തു. കഴിഞ്ഞ അഞ്ചാം തീയ്യതി രാത്രിയാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂട്ടികിടക്കുന്ന വീട്ടിൽ നിന്നും ശബ്ദം കേട്ട് നാട്ടുകാർ വിളിച്ചറിയച്ചതിനെ തുടർന്ന് പൊലീസ് എത്തി വീട് വളയുകയായിരുന്നു. മോഷ്ടാക്കൾ എന്ന് സംശയിച്ചായിരുന്നു നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചത്. വാതിൽ മുട്ടിയപ്പോൾ അഫ്‌സൽ ആണ് വാതിൽ തുറന്നത്. പുറത്ത് പൊലീസിനെയും നാട്ടുകാരേയും കണ്ടതോടെ അക്ഷയും അക്ഷരയും പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പൊലീസ് സംഘം ഇവരെ വളഞ്ഞ് പിടികൂടി.
തുർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ കൈവശമുണ്ടായ ബാഗിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. പൊഴുതനയിലുള്ള ഒരാൾ ചില്ലറ വിൽപനക്കായി ഏൽപ്പിച്ചതാണെന്നും പാക്ക് ചെയ്യാൻ വേണ്ടി വീട്ടിലെത്തിയതാണെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകിയ ആൾക്കായി അന്വഷണം നടക്കുകയാണെന്നും പെലീസ് അറിയിച്ചു.