പൊലീസിനെ പരസ്യമായി തെറി പറഞ്ഞ സി.ഐ.ടി.യുക്കാർക്ക് സി.പി.എമ്മിന്റെ സംരക്ഷണ വലയം; സഹപ്രവർത്തകനെ ചവിട്ടിമെതിച്ച ഗുണ്ടകളെ തൊടാനാകാതെ മുണ്ടക്കയം പോലീസ്; സി.ഐ.ടി.യുക്കാരെ സംരക്ഷിക്കുന്നത് സി.പി.എം ഉന്നതൻ

തേർഡ് ഐ ബ്യൂറോ

മുണ്ടക്കയം: പൊലീസിനെ പരസ്യമായി തെറിവിളിക്കുകയും, പിടിച്ചു തള്ളുകയും ചെയ്ത സി.ഐ.ടി.യു ഗുണ്ടകൾക്കെതിരെ യാതൊരു നടപടിയുമെടുക്കാതെ മുണ്ടക്കയം പൊലീസ്. വ്യാപാരികളെ ഭീഷണിപ്പെടുത്തിയ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളെ തടയാൻ എത്തിയ പൊലീസുകാരനെയാണ് തൊഴിലാളികൾ ചവിട്ടുകയും, പിടിച്ചു തള്ളുകയും കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയും ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. ചേനപ്പാടി സ്വദേശിയായ സിവിൽ പൊലീസ് ഓഫിസർ ഷിഹാസിനെയാണ് സി.ഐ.ടി.യു ഗുണ്ടകൾ പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്തത്.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മുണ്ടക്കയം ബസ് സ്റ്റാൻഡിലാണ് ഷിഹാസിനു ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. ഇവിടെ ഷിഹാസ് ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് സ്റ്റാൻഡിലെ സി.ഐ.ടി.യു പ്രവർത്തകരായ ചുമട്ട് തൊഴിലാളികളും, ഓട്ടോ ഡ്രൈവർമാരുമായ മൂന്നു പേർ സ്റ്റാൻഡിലെ കടയുടമയുമായി തർക്കത്തിൽ ഏർപ്പെട്ടു. തുടർന്നു, ബഹളം അതിരൂക്ഷമായതോടെ സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷിഹാസ് പ്രശ്നത്തിൽ ഇടപെട്ടു.

സ്റ്റാൻഡിൽ ബഹളമുണ്ടായ സ്ഥലത്ത് എത്തിയ ഷിഹാസ് ഇവിടെ ബഹളം വച്ച സി.ഐ.ടി.യു തൊഴിലാളികളോടു മാറി നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇവർ ഇതിനു തയ്യാറാകാതെ ഷിഹാസിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിൽ വയർ ലെസ് സെറ്റിലൂടെ വിവരം അറിയിച്ചിട്ടും പൊലീസുകാർ എത്താൻ വൈകി. രണ്ടു പൊലീസുകാർ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അക്രമികൾ രക്ഷപെടുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു ശേഷം ഷിഹാസിനു ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. തുടർന്നു, ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, സംഭവം നടന്ന് നാല് ദിവസം ആയിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. പ്രതികൾക്ക് ഇപ്പോഴും മുണ്ടക്കയത്ത് കൂടി സ്വതന്ത്രരായി നടക്കാൻ സാധിക്കുന്നത് ഉന്നത സി.പി.എം ഇടപെടലിനെ തുടർന്നാണ്. പൊലീസുകാരനെ പരസ്യമായി അസഭ്യം പറഞ്ഞിട്ടും, പിടിച്ചു തള്ളിയിട്ടും, യൂണിഫോമിൽ നിന്ന ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തിട്ടും ഒന്നും ചെയ്യാൻ പൊലീസിനു ഇനിയും സാധിച്ചിട്ടില്ല.

സി.പി.എമ്മിന്റെ സംസ്ഥാന നേതാവ് അടക്കമുള്ള ഉന്നതർ പൊലീസിൽ ഇടപെട്ടതിനെ തുടർന്നാണ് പ്രതികളായ സി.ഐ.ടി.യു പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ പൊലീസിന്റെ മനോവീര്യം കെടുത്തുന്ന ഈ നടപടിയ്‌ക്കെതിരെ കടുത്ത പ്രതിഷേധവും ഉയർന്നിട്ടുണ്ട്.