‘പോള പൊളിയല്ലേ ‘..!! പോള നിർമ്മാർജ്ജനത്തിന് പുതിയ മാതൃക; തൊഴിലുറപ്പ് തൊഴിലാളികൾക്ക് പുതിയ വരുമാന മാർഗവുമായി സർക്കാർ
സ്വന്തം ലേഖകൻ
കോട്ടയം: പോള നിർമ്മാർജ്ജനത്തിന് പുതിയ മാതൃകയുമായി ഇടതു സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷൻ. പോളകൾ വളർന്നു തിങ്ങുന്നതു പുഴയ്ക്കും തോടിനും പുഴയോരത്ത് താമസിക്കുന്നവർക്കും മൽസ്യ തൊഴിലാളികൾക്കും ഒക്കെ വലിയൊരു തലവേദനയാണ്. ഓരോ വർഷവും ഇത് നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജലസേചന വകുപ്പുമെല്ലാം ജനകീയ കൂട്ടായ്മകളുമൊക്കെ ലക്ഷകണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. മാത്രമല്ല ഒരറ്റത്ത് നീക്കം ചെയ്ത് തീരുമ്പോഴേയ്ക്ക് മറ്റേ അറ്റത്ത് അവ തിരിച്ചു വന്നിട്ടുണ്ടാവും.
പ്രളയത്തിലും മറ്റും വേമ്പനാട്ടു കായലിൽ ചെളി അടിഞ്ഞുകൂടി കായലിന്റെ ആഴം കുറഞ്ഞത് കാരണം സൂര്യപ്രകാശം കായലിന്റെ അടിത്തട്ടുവരെ ലഭിക്കുകയും അടിത്തട്ടിലുള്ള പോലയുടെ വേരുകൾ മുളച്ചു വരുന്നതുമാണ് പോളയുടെ വംശവർദ്ധനവിനുള്ള പ്രധാന കാരണം. മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി ജല വിഭവ വകുപ്പിന്റെ കീഴിൽ എക്കൽ അടിഞ്ഞു കൂടി ആഴം കുറഞ്ഞ കായലിന്റെ ഭാഗങ്ങളിൽ നിന്നും എക്കലും മണ്ണും പായലും നീക്കം ചെയ്യാൻ വേൾഡ് ബാങ്ക് സഹായം ലഭിക്കാൻ ഡി.പി.ആർ സമർപ്പിച്ചിട്ടുണ്ട്.
ജലാശയങ്ങളിലെ പോള വളർച്ച മൂലം ജലത്തിലെ പോഷക ഘടകങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയും തന്മൂലം ജലാശയത്തിൽ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും ഇത് മൂലം മൽസ്യങ്ങൾ ചത്തൊടുങ്ങുകയും ചിലയിനം മത്സ്യങ്ങൾക്ക് വംശനാശം സംഭവിക്കുകയും ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജെസിബി ഒക്കെ വെച്ച് പോളകൾ വാരിയെടുത്ത് വരമ്പത്തു വെക്കുകയോ അല്ലെങ്കിൽ മുറിച്ചു മുറിച്ചു കായലിലേക്ക് ഒഴുക്കി വിടുകയോ ചെയ്യുന്നതായിരുന്നു പതിവ്. എന്നാലിപ്പോൾ തൊഴിലുറപ്പ് പദ്ധതിയിലെ ജോലിക്കാരായുള്ള സ്ത്രീകൾ ഈ പോളകൾ വാരി ഇലയും വേരും നീക്കം ചെയ്തു ഓരോ കിലോയുടെ കെട്ടുകൾ ആക്കി അടുക്കി വെക്കുന്നു. ശേഷം ഈ പോളത്തണ്ടുകളുടെ കെട്ടുകൾ ഹരിതകേരളം മിഷന്റെ ചുമതലപ്പെടുത്തിയ തമിഴ്നാട്ടിലെ മധുരയിലുള്ള ” Rope ” എന്ന ഒരു മലയാളി സ്റ്റാർട്ടപ്പ് കമ്പനിയ്ക്ക് കൈമാറുന്നു.
പോളത്തണ്ട് കൊണ്ടുപോകുന്ന കമ്പനി അത് വാരുന്ന തൊഴിലാളികൾക്ക് കിലോയ്ക്ക് 10 രൂപ നിരക്കിൽ കൂലി നൽകുന്നതിനാൽ പഞ്ചായത്തിന് ഒരു രൂപയും ചെലവില്ലാതെ പോള ശല്യം ഒഴിവായി കിട്ടുന്നു. നീലംപേരൂർ പഞ്ചായത്തിൽ നിന്നു മാത്രം ഇതിനകം 1,50,000 കിലോ പോളത്തണ്ടാണ് ഇപ്രകാരം നീക്കം ചെയ്തത്. 15 ലക്ഷം രൂപ ഒരു മുതൽ മുടക്കുമില്ലാത്ത ഈ ഒരു തൊഴിൽ സംരംഭത്തിലൂടെ നീലംപേരൂരിലെ തൊഴിൽക്കൂട്ടങ്ങൾക്ക് ലഭിച്ചു. ഗ്രാമ പഞ്ചായത്തിന് ഇതിനായി യാതൊരുതരത്തിലുമുള്ള തുക ചെലവഴിയ്ക്കുന്നില്ല. ഒപ്പം പരിസ്ഥിതി പുനരുജ്ജീവനവും സാധ്യമായി.
മധുരയിലെ കമ്പനിയിൽ സംസ്കരിക്കുന്ന പോളകളിൽ നിന്നും മനോഹരവും വിലപിടിപ്പുള്ളവയുമായ ഉൽപ്പന്നങ്ങൾ നിർമിച്ച ശേഷം വിൽപ്പനയ്ക്കായി അവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. കേരളത്തിലെ ജലാശയങ്ങൾ നശിച്ചുപോകുന്നതിന്റെ മുഖ്യ കാരണങ്ങളിൽ ഒന്നായ പോളയെ ഒരു സാധ്യതയാക്കി മാറ്റി തൊഴിൽ അവസരങ്ങളും പരിസ്ഥിതി സംരക്ഷണത്തിന് പുതിയ ബദൽ മാർഗവും സൃഷ്ടിച്ചിരിക്കുകയാണ് ഇടതു സർക്കാർ.
നവകേരളം മിഷൻ സംസ്ഥാന കോർഡിനേറ്റർ ഡോ.ടിഎൻ സീമ, നദീ സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ, തിരുവാർപ്പ്
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ് മേധാവി ഡോ.പുന്നൻ കുര്യൻ വേങ്കിടത്ത്, ഹരിത കേരളം മിഷൻ സംസ്ഥാന പ്രോഗ്രാം ഓഫീസർമാരായ സതീഷ് ആർ.വി, രാജേന്ദ്രൻ നായർ, ഹരിത കേരളം മിഷൻ സംസ്ഥാന അസി.കോർഡിനേറ്റർമാരായ ടി.പി സുധകാരൻ, എബ്രഹാം കോശി, ജനകീയ കൂട്ടായ്‌മ അംഗം മുഹമ്മദ് സാജിദ് തുടങ്ങിയവർ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി.