video
play-sharp-fill

അധ്യാപകനോടുള്ള ദേഷ്യത്തിന് മൊഴി കൊടുത്തതെന്ന് വിദ്യാർഥിനികൾ; ആറ് പോക്‌സോ കേസുകളില്‍ ജയിൽവാസം അനുഭവിച്ചുവന്ന അധ്യാപകന് 171-ാം നാള്‍ ജാമ്യം

അധ്യാപകനോടുള്ള ദേഷ്യത്തിന് മൊഴി കൊടുത്തതെന്ന് വിദ്യാർഥിനികൾ; ആറ് പോക്‌സോ കേസുകളില്‍ ജയിൽവാസം അനുഭവിച്ചുവന്ന അധ്യാപകന് 171-ാം നാള്‍ ജാമ്യം

Spread the love

തിരുവനന്തപുരം: വിദ്യാര്‍ഥിനികള്‍ വിചാരണയില്‍ കൂറുമാറിയതിനെ തുടര്‍ന്ന് ആറ് പോക്‌സോ കേസുകളില്‍ ജയിൽവാസം അനുഭവിച്ചുവന്ന അധ്യാപകന് 171-ാം നാള്‍ ജാമ്യം. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് പ്രതിയായ സ്‌കൂള്‍ അധ്യാപകന്  ജാമ്യം അനുവദിച്ച് ജയില്‍ മോചിതനാക്കിയത്. തിരുവനന്തപുരം നഗരത്തിലെ യുപി സ്‌കൂളിലെ അധ്യാപകന്‍ ബിനോജ് കൃഷ്ണക്കാണ് ജാമ്യം നല്‍കിയത്.

സാക്ഷിക്കൂട്ടില്‍ കയറി വിദ്യാർഥിനികള്‍ തങ്ങളെ ലൈംഗിക ഉദ്ദേശ്യത്തോടെ അധ്യാപകന്‍ സ്പര്‍ശിച്ചെന്ന ആദ്യ പൊലീസിന് നൽകിയ മൊഴി തിരുത്തിയതോടെയാണ് അധ്യാപകന് ജാമ്യം ലഭിച്ചത്.  അന്നത്തെ ദേഷ്യത്തിന്  മൊഴി കൊടുത്തതെന്നാണ് കൂറുമാറിയ വിദ്യാർഥിനികൾ പറഞ്ഞത്. നേമം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന അധ്യാപകന്‍ കഴിഞ്ഞ നവംബര്‍ 11 ന് ആയിരുന്നു അറസ്റ്റിലായത്.

മൂന്ന് മാസത്തില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് നേമം പൊലീസ് കേസെടുത്തത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് അധ്യാപകനെതിരെ കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ അധ്യാപകന്‍ ഒളിവില്‍പ്പോയി. ബിനോജിനെതിരെ ആറ് പോക്‌സോ കേസുകളാണ് ചുമത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസെടുത്ത വേളയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബിനോജിനെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിനൊടുവില്‍ തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടുമെന്ന് മനസിലായതോടെ അധ്യാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അധ്യാപകനെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.