play-sharp-fill
പോക്‌സോ കേസിൽ യെദ്യൂരപ്പയ്ക്ക് താൽക്കാലിക ആശ്വാസം;     സെപ്റ്റംബർ അഞ്ച് വരെയാണ് യെദിയൂരപ്പയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്

പോക്‌സോ കേസിൽ യെദ്യൂരപ്പയ്ക്ക് താൽക്കാലിക ആശ്വാസം; സെപ്റ്റംബർ അഞ്ച് വരെയാണ് യെദിയൂരപ്പയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്

ബെൻഗളൂരു: പോക്സോ കേസില്‍ കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പക്ക് താല്‍ക്കാലിക ആശ്വാസം.

അറസ്റ്റ് തടഞ്ഞ കർണാടക ഹൈകോടതി ഉത്തരവ് സെപ്റ്റംബർ അഞ്ചുവരെ നീട്ടി. വെള്ളിയാഴ്ച കേസില്‍ വാദം കേള്‍ക്കവെയാണ് ഹരജി വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവും ബാധകമാണെന്ന് കോടതി വ്യക്തമാക്കിയത്. കേസില്‍ യെദിയൂരപ്പക്കെതിരെ സി.ഐ.ഡി അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

കുറ്റപത്രം കോടതിയില്‍ ഹാജരാക്കാൻ കൂടുതല്‍ സമയം വേണമെന്ന് സി.ഐ.ഡി വിഭാഗത്തിനുവേണ്ടി ഹാജരായ പബ്ലിക് പ്രോ സിക്യൂട്ടർ അശോക് നായിക് കോടതിയോട് അഭ്യർഥിച്ചു. എന്നാല്‍, കൂടുതല്‍ സമയം അനുവദിക്കരുതെന്നും വിചാരണ നീളുന്നത് തന്റെ കക്ഷിയുടെ അറസ്റ്റിനിടയാക്കുമെന്നും യെദിയൂരപ്പക്കുവേണ്ടി ഹാജരായ അഭിഭാഷകൻ നാഗേഷ് വാദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ അഞ്ചിലേക്ക് നീട്ടിയതായി അറിയിച്ച കോടതി, അതുവരെ യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവും നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി. ബി.എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസില്‍ അറസ്റ്റ് തടഞ്ഞ ഹൈകോടതി നടപടി ഒഴിവാക്കാൻ ആവശ്യമായ നിയമനീക്കം നടത്താൻ അഡ്വക്കറ്റ് ജനറലിന് കർണാടക സർക്കാർ നിർദേശം നല്‍കിയിരുന്നു. കർണാടക സർക്കാറിനും മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമെതിരെ ബി.ജെ.പിയും ജെ.ഡി-എസും തുറന്ന സമരത്തിനിറങ്ങിയതിന് പിന്നാലെയായിരുന്നു യെദിയൂരപ്പക്കെതിരായ കേസില്‍ കോണ്‍ഗ്രസ് സർക്കാർ നടപടി കടുപ്പിച്ചത്. പോക്സോ കേസില്‍ യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ ഹൈകോടതി നടപടി ഒഴിവായാല്‍ യെദിയൂരപ്പക്കെതിരെ തുടർനടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം.

17കാരിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കഴിഞ്ഞ മാർച്ച്‌ 14നാണ് യെദിയൂരപ്പക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഡോളേഴ്സ് കോളനിയിലെ യെദിയൂരപ്പയുടെ വീട്ടില്‍വെച്ചുള്ള കൂടിക്കാഴ്ചക്കിടെ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ബംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സി.ഐ.ഡി ഏറ്റെടുത്ത് ജൂണ്‍ 27ന് ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു.

തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ സമർപ്പിച്ച ഹരജി പരിഗണിച്ച ഹൈകോടതി, അന്വേഷണവുമായി സി.ഐ.ഡിക്ക് മുന്നോട്ടുപോവാൻ അനുമതി നല്‍കിയെങ്കിലും യെദിയൂരപ്പയുടെ അറസ്റ്റ് ഇടക്കാല ഉത്തരവിലൂടെ തടയുകയായിരുന്നു.