വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ നഗ്‌നതാപ്രദര്‍ശനം നടത്തി ; പ്രതിക്ക് എട്ടു വര്‍ഷം കഠിനതടവും 35000 രൂപ പിഴയും വിധിച്ച് കോടതി
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ വീട്ടില്‍ കയറി നഗ്‌നതാപ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിക്ക് എട്ടു വര്‍ഷം കഠിനതടവും 35000 രൂപ പിഴയും വിധിച്ച് അതിവേഗസ്‌പെഷ്യല്‍ കോടതി.
കോയിപ്രം പുളിഞ്ചാണിക്കല്‍ തെക്കേല്‍ വീട്ടില്‍ തങ്കച്ചനെ(55)യാണ് ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് 21 നാണ് വീട്ടില്‍ അതിക്രമിച്ചകയറി ഹാളില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരേ പ്രതി നഗ്‌നതാപ്രദര്‍ശനം നടത്തുകയും അതിന്റെ ഫോട്ടോയും വീഡിയോയും എടുക്കാന്‍ കുട്ടിയെ നിര്‍ബന്ധിക്കുകയുമായിരുന്നു. കുട്ടിയുടെ ബഹളം കേട്ടെത്തിയ മാതാപിതാക്കള്‍ ഇയാളോട് വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ അസഭ്യം വിളിച്ചുകൊണ്ട് വീണ്ടും നഗ്‌നതാപ്രദര്‍ശനം നടത്തി.
പുറത്തിറങ്ങി കുട്ടിയെ ചീത്ത വിളിക്കുകയും, കല്ലുമായി വീട്ടിനുള്ളില്‍ കയറി കുട്ടിക്കും മറ്റും നേരെ എറിയുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യന്‍ ശിക്ഷാ നിയമവും പോക്‌സോ നിയമത്തിലെ വ്യത്യസ്ത വകുപ്പുകളിലുമായി പ്രത്യേകമായാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക പ്രതി കുട്ടിക്ക് നല്‍കണം, പിഴ അടച്ചില്ലെങ്കില്‍ എട്ട് ആഴ്ച കൂടി അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി. കോടതി നടപടികളില്‍ എ.എസ്.ഐ ഹസീനയുടെ സേവനവും ലഭ്യമായിരുന്നു.