
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽനിന്ന് സംസ്ഥാനത്തിന് പിൻമാറാൻ സാധിക്കില്ലെന്നും പിൻമാറാൻ കേന്ദ്രസർക്കാരിന് മാത്രമേ അവകാശമുള്ളൂ എന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ.
പദ്ധതിയിലൂടെ 152 ബ്ലോക്കുകളിൽ 304 സ്‌കൂളുകൾക്ക് ഒരുകോടി രൂപവീതം മൂന്നുവർഷത്തേക്കാണ് കിട്ടുക. തൊള്ളായിരം കോടിയിൽപരം രൂപയാണ് സംസ്ഥാനത്തിന് ലഭിക്കുക. പദ്ധതിയിൽനിന്ന് പിന്മാറിയാൽ ഈ തുക കിട്ടില്ല. കൂടാതെ പല ഇനത്തിലായി രണ്ടായിരം കോടി രൂപയോളം സംസ്ഥാനത്തിന് നഷ്ടമാകുമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, പിന്മാറുന്നതിന്റെ പേരിൽ അന്യായമായി മറ്റു കേന്ദ്രഫണ്ടുകൾ തടഞ്ഞുവെക്കുന്നതിലൂടെയും തുകകൾ നഷ്ടമായേക്കാം.
അങ്ങനെ ഫണ്ട് തടഞ്ഞുവെക്കുന്നു എന്നത് ഒരു വസ്തുതയാണ്. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പിടാൻ നിർബന്ധിതമായതും ആ ഫണ്ട് പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ്. ആ ഇനത്തിൽ എസ്എസ്‌കെയ്ക്ക് ലഭിക്കാനുള്ള 1150 കോടി രൂപയും കിട്ടാതെ പോകും. അങ്ങനെവരുമ്പോൾ ഒപ്പിടാത്തതിന്റെ പേരിൽ രണ്ടായിരം കോടിയോളം രൂപ സംസ്ഥാനത്തിന് നഷ്ടമാകുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഎം ശ്രീ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളിന് ഒരുകോടി രൂപയാണ് ലഭിക്കുകയെന്നും ഉഷ വിജയന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തിയതായോ വിവിധ കോണുകളിൽനിന്ന് അഭിപ്രായങ്ങൾ സ്വരൂപിച്ചതായോ അറിയാൻ കഴിഞ്ഞിട്ടില്ല.
സർക്കാർ രൂപവത്കരിച്ച സെക്രട്ടറിമാരുടെ സമിതി യോഗംചേരുകയും പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാവുന്നതാണെന്ന് അവർ സർക്കാരിന് ഉപദേശം നൽകുകയും ചെയ്തിട്ടുള്ളതായാണ് രേഖകളിൽ കാണുന്നതെന്നും മന്ത്രി എൻ. ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി.







