
ഡൽഹി: രാജ്യത്ത് നീറ്റ് പുനപരീക്ഷ നടക്കാനിരിക്കേ പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍.
ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്ര നിർദേശം നല്‍കിയിരിക്കുകയാണ്. അതേസമയം, അടിസ്ഥാന പ്രശ്നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും ടെലഗ്രാം സ്ഥാപകൻ പവല്‍ ഡുറോവ് വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ച മാഫിയകളുടെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയില്‍ താല്‍ക്കാലിക നിരോധനം ഏർപ്പെടുത്തിയത്. നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂർത്തിയാകുന്ന ജൂണ്‍ 22 വരെയാണ് നിരോധനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ക്കും വലിയ സാമ്പത്തിക തട്ടിപ്പുകള്‍ക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ് താല്‍ക്കാലിക നിരോധനത്തിലേക്ക് നയിച്ചത്.
പേപ്പർ ലീക്ക്ഡ് നീറ്റ്, റീ-നീറ്റ് 2026, പ്രൈവറ്റ് മാഫിയ, റീ നീറ്റ് മാഫിയ തുടങ്ങിയ പേരുകളിലുള്ള ടെലഗ്രാം ചാനലുകള്‍ വഴി പരീക്ഷാ ചോദ്യപേപ്പറുകള്‍ ലഭ്യമാണെന്ന് പരസ്യപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ആപ്പിലെ മെസേജ് എഡിറ്റ് ഫീച്ചർ ജൂണ്‍ 30 വരെ പ്രവർത്തനരഹിതമാക്കി.
നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. വ്യാജചോദ്യപേപ്പർ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ബിഹാർ, ഗുജറാത്ത്, രാജസ്ഥാൻ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുകയാണെന്നും കേന്ദ്രം അറിയിച്ചു. സൈബർ തട്ടിപ്പുകള്‍ 1930 ഹെല്പ്ലൈൻ നമ്പറില്‍ റിപ്പോർട്ട് ചെയ്യാനും ഏജൻസി നിർദ്ദേശിച്ചു.







