video
play-sharp-fill

പി.ജയരാജൻ രാഷ്ട്രീയ വാനപ്രസ്ഥത്തിലേക്കെന്ന് : വൈകാതെ പാർട്ടിയിലെ സജീവ പ്രവർത്തനം ഉപക്ഷിക്കുമെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്നും സൂചന

പി.ജയരാജൻ രാഷ്ട്രീയ വാനപ്രസ്ഥത്തിലേക്കെന്ന് : വൈകാതെ പാർട്ടിയിലെ സജീവ പ്രവർത്തനം ഉപക്ഷിക്കുമെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്നും സൂചന

Spread the love

തിരുവനന്തപുരം:പി.ജയരാജൻ രാഷ്ട്രീയ വാനപ്രസ്ഥത്തിലേക്കെന്ന് സൂചന. പാർട്ടി സെക്രട്ടേറിയറ്റ് അംഗത്വം നിഷേധിക്കപ്പെട്ട പി.ജയരാജൻ വൈകാതെ പാർട്ടിയിലെ സജീവ പ്രവർത്തനം ഉപക്ഷിക്കുമെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്നും മനസിലാക്കുന്നു.

തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.ഗോവിന്ദനുമാണെന്ന് പി.ജയരാജന് കൃത്യമായിട്ടറിയാം. എന്നാല്‍ സി പി എമ്മിന്റെ തേരാളികളാട് എതിർക്കാൻ ഇനി പി. ജയരാജന് മനസില്ല.മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമടങ്ങുന്ന കണ്ണൂരിലെ ഔദ്യോഗിക വിഭാഗം

ആസൂത്രിതമായി നടത്തിയ നീക്കമാണ് പി. ജയരാജനെ ഒഴിവാക്കിയതെന്ന ആരോപണം പാര്‍ട്ടിക്കുളളില്‍ത്തന്നെ ഉയര്‍ന്നു കഴിഞ്ഞു. പി. ജയരാജനെ പരിഗണിക്കാതെ പാര്‍ട്ടിക്കുള്ളില്‍ ജൂനിയറായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ എം.വി. ജയരാജനെ പുതുതായി ഉള്‍പ്പെടുത്തുകയും പാര്‍ട്ടിയെ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ഇ.പി. ജയരാജനേയും സെക്രേട്ടറിയറ്റില്‍ നിലനിര്‍ത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലങ്ങളായി പി. ജയരാജനോടുള്ള പിണറായിയുടെ വിരോധമാണ് സെക്രേട്ടറിയറ്റിലെത്തുന്നതിന് ജയരാജന് വിനയായത്. പ്രായ പരിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയൊരിക്കലും പി. ജയരാജന് പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളിലേക്കെത്താന്‍ പറ്റാത്ത സാഹചര്യവും സമ്മേളനത്തോടെ ഉണ്ടായിരിക്കുകയാണ്. ഇനി വനവാസം മാത്രമാണ് അഭയം.സംസ്ഥാന കമ്മിറ്റിയിലെതന്നെ സീനിയര്‍ നേതാവായ പി. ജയരാജനെ അവസാന ടേമെന്ന പരിഗണന നല്കി ഇക്കുറി സംസ്ഥാന സെക്രേട്ടറിയറ്റിലേക്ക് ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നുവെങ്കിലും അവഗണിക്കുകയായിരുന്നു. വ്യക്തിപൂജയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ഒതുക്കപ്പെട്ട പി. ജയരാജനോടുള്ള അപ്രിയം ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന് മാറിയില്ലെന്നതിന്റെ തെളിവായാണ് അവസാന ടേമില്‍ എങ്കിലും പരിഗണിക്കപ്പെടണമെന്ന ആവശ്യം നടപ്പാകാതെ പോയത് എന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.

എഴുപത്തിരണ്ടു വയസ് പിന്നിട്ട പി. ജയരാജനെ സംസ്ഥാന കമ്മിറ്റി അംഗമായി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഇനി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്താന്‍ സാധ്യത തീരെ ഇല്ല. പി.കെ. ശ്രീമതിയാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് 75 വയസ് പിന്നിട്ടതിനാല്‍ ഒഴിവാക്കപ്പെട്ട കണ്ണൂരില്‍ നിന്നുള്ള മറ്റൊരു നേതാവ്. പി.കെ. ശ്രീമതിയുടെ ഒഴിവിലേക്കാണ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായ പി. ജയരാജനെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചത്.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ പി. ശശിയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന താത്പര്യം മുഖ്യമന്ത്രിക്കുണ്ടായിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പുണ്ടായെന്നാണ് വിവരം. ഒടുവില്‍ സമവായ പേരുകളിലൊന്നായി എം.വി. ജയരാജന്റെ പേര് ഉയര്‍ന്നുവരികയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളും പി.വി. അന്‍വറുമായുണ്ടായ വിവാദങ്ങളും പോലീസ് ഭരണത്തില്‍ സംഭവിച്ച പാളിച്ചകളുമാണ് പി. ശശിയുടെ വഴിയടച്ചത്.

സംസ്ഥാന കമ്മിറ്റിയംഗമായിത്തന്നെ തുടരുന്ന പി. ശശിക്കും അപ്രതീക്ഷിത തിരിച്ചടിയാണ് സംസ്ഥാന സമ്മേളനത്തില്‍ നേരിട്ടിരിക്കുന്നത്.ശശിയെ സംരക്ഷിക്കാൻ പിണറായി അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും അത് തനിക്ക് വിനയാകുമെന്ന് മനസിലാക്കിയപ്പോഴാണ് അദ്ദേഹം പിൻമാറിയത്. പി.ജയരാജനെ ഒഴിവാക്കി പി. ശശിയെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു.ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സീനിയര്‍ നേതാവായ ഇ.പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിലനിര്‍ത്തുകയാണ് ചെയ്തത്. എതിര്‍പ്പുകളെയും വിവാദങ്ങളെയും വിമര്‍ശനങ്ങളെയും മറികടന്ന് ജയരാജന്‍ വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയത് പിണറായിയും എം.വി. ഗോവിന്ദനുമുള്‍പ്പെടെയുള്ള കണ്ണൂരില്‍ നിന്നുള്ള ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണയോടെയാണെന്നാണ് സൂചന. ബ്രാഞ്ച് സമ്മേളനം മുതല്‍ സംസ്ഥാന സമ്മേളനം വരെ പാര്‍ട്ടിക്കുള്ളില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയും പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുകയും ചെയ്ത ഇ.പി. ജയരാജനെ നിലനിര്‍ത്തുകയും പി. ജയരാജനെ ഒഴിവാക്കുകയും ചെയ്തത് കണ്ണൂരിലെ പി. ജയരാജ അനുകൂലികള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു കഴഞ്ഞു.

പി. ജയരാജനെ ഉള്‍പ്പെടുത്താതിരുന്നതും ഇപിയെ ഉള്‍പ്പെടുത്തിയതും വരും നാളുകളില്‍ സംസ്ഥാനത്തേയും പ്രത്യേകിച്ച്‌ കണ്ണൂരിലേയും സിപിഎമ്മില്‍ ശക്തമായ വിഭാഗീയതയ്‌ക്ക് വഴി തുറക്കും.സിപിഎം സംസ്ഥാന നേതൃത്വത്തില്‍ കണ്ണൂർ ലോബിയുടെ അപ്രമാദിത്തമെന്ന വിമർശനം തുടരുമ്ബോഴും, കണ്ണൂരില്‍ ശക്തനായ ഒരു നേതാവ് ആ തലത്തിലേക്കെത്താതെ ഇത്തവണയും ഒഴിവാക്കപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംകിട്ടാതിരുന്ന പി.ജയരാജന് പ്രായപരിധി മാനദണ്ഡമനുസരിച്ച്‌ ഇനി അതിന് അവസരമുണ്ടാവില്ല. സെക്രട്ടേറിയറ്റില്‍ കണ്ണൂർ ജില്ലയില്‍നിന്നുള്ളവരുടെ എണ്ണത്തിന്റെ പേരില്‍ വിമർശനങ്ങളുയരാറുണ്ടെങ്കിലും ഇത്തവണയും അതു വകവയ്ക്കാതെയുള്ള പട്ടികയാണ് പുറത്തുവന്നത്. 17 അംഗ സെക്രട്ടേറിയറ്റില്‍ കെ.കെ.ശൈലജ, എം.വി.ജയരാജൻ, സി.എൻ.മോഹനൻ എന്നിവർ ഇടംപിടിച്ചപ്പോള്‍ ഇത്തവണയും പി.ജയരാജൻ ഇടം നേടിയില്ല.പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി.ജയരാജൻ, എം.വി.ഗോവിന്ദൻ എന്നിവരെല്ലാം കണ്ണൂർ ജില്ലാ സെക്രട്ടറിയായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയവരാണ്.

പി.ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ വടകരയില്‍ സ്ഥാനാർഥിയാക്കിയത്. പകരം എം.വി.ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പി.ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനം തിരികെ ലഭിച്ചുമില്ല. പക്ഷേ കോട്ടയം ജില്ലാ സെക്രട്ടറിയായിരിക്കെ, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ വി.എൻ.വാസവനോടുള്ള പാർട്ടി സമീപനം വ്യത്യസ്തമായിരുന്നു. പരാജയപ്പെട്ട വാസവൻ ജില്ലാ സെക്രട്ടറിയായി തിരികെയെത്തിയിരുന്നു.സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു പരിഗണിക്കപ്പെടേണ്ടവരില്‍ മുൻനിരയിലുള്ള ആളാണ് കെ.കെ.ശൈലജയെങ്കിലും കേന്ദ്രകമ്മറ്റി അംഗമായതിനാല്‍ ഇത്തവണ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുമെന്നു കരുതിയിരുന്നതല്ല.

അതേസമയം, പി.ശശിയും എം.ബി.രാജേഷും സെക്രട്ടേറിയറ്റിലേക്കു പരിഗണിക്കപ്പെടുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായതുമില്ല. അടുത്തിടെയുണ്ടായ വിവാദങ്ങളാകാം തല്‍ക്കാലം പി.ശശി സെക്രട്ടേറിയേറ്റിലേക്ക് വേണ്ട എന്ന തീരുമാനത്തിനു പിന്നില്‍.പി.ജയരാജനും ഇ.പി.ജയരാജനും തമ്മിലുണ്ടായ വാക്പോരുകളും മറ്റും കണ്ണൂരിലെ നേതാക്കള്‍ക്കിടയില്‍ വിഭാഗീതയ്ക്ക് കാരണമായെന്നു നിരീക്ഷിക്കപ്പെട്ടിരുന്നു. സിപിഎമ്മില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാൻ പി.ജയരാജൻ ചർച്ച നടത്തിയെന്ന തരത്തില്‍ മുൻ ജില്ലാകമ്മിറ്റി അംഗം മനു തോമസ് നടത്തിയ വിവാദ പരാമർശത്തെ തുടർന്നുള്ള വിവാദങ്ങളും ‘പിജെ ആർമി’യുടെ ഇടപെടലുകളും പി.ജയരാജന് തിരിച്ചടിയായിട്ടുണ്ട്.

പിണറായി നേതൃത്വം നല്‍കുന്ന പാർട്ടിയുടെ കാഴ്ചപ്പാടില്‍ എം.വി.ജയരാജന് ഒരു ക്ലീൻ ഇമേജ് ഉണ്ട്. ശശിക്കും പി.ജയരാജന് അതില്ല. എം.വി.ജയരാജൻ പാർട്ടിക്കു വിധേയനുമാണ്. പി.ജയരാജൻ നേരത്തേ ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങള്‍ പാർട്ടി നേതൃത്വം മറന്നില്ലെന്നു വേണം കണക്കാക്കാൻ. ഈ വർഷം ജനുവരിയില്‍ 75 വയസ്സാകുന്നവരെയാണ് സെക്രട്ടേറിയേറ്റില്‍നിന്ന് ഒഴിവാക്കിയത്. ഇപിക്ക് ഈ വർഷം മേയിലാണ് 75 വയസ്സാകുക. വിവാദങ്ങളോ പ്രായപരിധിയോ ഇപിക്ക് ബാധകമായില്ലെന്നു വ്യക്തം.ഇക്കുറിയും സംസ്ഥാന സമിതിയില്‍ ഒതുങ്ങിയതോടെ, സിപിഎമ്മിന്റെ സംസ്ഥാനത്തെ ഉന്നത നേതൃത്വത്തിലേക്കുള്ള പി ജയരാജന്റെ വാതിലടഞ്ഞു.. പ്രായപരിധി നിബന്ധന തുടർന്നാല്‍ അടുത്ത സമ്മേളനത്തില്‍ സംസ്ഥാന സമിതിയില്‍ നിന്നും ജയരാജൻ ഒഴിവാകും. കണ്ണൂരിലെ പാർട്ടിയുടെ അമരക്കാരൻ ആയിരുന്നിട്ടും മൂന്ന് പതിറ്റാണ്ട് മുൻപ് ഉള്‍പ്പെട്ട ഘടകത്തില്‍ പി ജയരാജന്റെ സംഘടനാ ജീവിതം അവസാനിക്കാനാണ് സാധ്യതയെല്ലാം.