നാട്ടിൽ കിടന്ന് തമ്മിലടി: ദുബായിയിൽ കെട്ടിപ്പിടി; ബിഷപ്പിനെ കണ്ടതോടെ പിണക്കം മറന്ന് ജോസ് കെ.മാണിയെ കെട്ടിപ്പിടിച്ച് പി.ജെ ജോസഫ്

നാട്ടിൽ കിടന്ന് തമ്മിലടി: ദുബായിയിൽ കെട്ടിപ്പിടി; ബിഷപ്പിനെ കണ്ടതോടെ പിണക്കം മറന്ന് ജോസ് കെ.മാണിയെ കെട്ടിപ്പിടിച്ച് പി.ജെ ജോസഫ്

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: പാലാ തിരഞ്ഞെടുപ്പിന്റെ പേരിൽ മാധ്യമങ്ങളിൽ പല്ലുംസഖവും ഉപയോഗിച്ച് കടിച്ചു കീറാൻ നിന്നവർ രാജ്യം വിട്ടതോടെ പൂച്ചകളായി.
എന്തു വിലകൊടുത്തും കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്റെ സ്ഥാനാർത്ഥിയെ തോൽപ്പിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന പി.ജെ ജോസഫാണ് ദുബായിയിൽ ചെന്ന് ബിഷപ്പിനെ കണ്ടതോടെ പൂച്ചയായി മാറിയത്. നാട്ടിലെ ശത്രുക്കൾ ദുബായിയിൽ മിത്രങ്ങളായത് ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചയും ഈ പുലികൾ പൂച്ചയായതാണ്.
പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി കനത്ത തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും തമ്മിൽ പരസ്യമായി വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ യാതൊരു മയവുമില്ലാതെ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ വാക്കുകൾ കൊണ്ട് ആക്രമിച്ചത് പി.ജെ ജോസഫും കൂട്ടരുമായിരുന്നു.
അണികളുടെയും, നേതാക്കളുടെയും വാക്കുകൾക്ക് വീര്യം പകരുന്ന നിലപാടായിരുന്നു പി.ജെ ജോസഫ് ആദ്യം മുതൽ തന്നെ സ്വീകരിച്ചിരുന്നത്.
എന്നാൽ, കേരളത്തിനു പുറത്ത് എത്തിയതോടെയ ജോസഫിന്റെ പ്രതിഷേധമെല്ലാം അലിഞ്ഞ് ഇല്ലാതായതിന്റെ തെളിവുകളാണ് ചിത്രം സഹിതം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ദുബായിയിൽ കത്തോലിക്കാ കോൺഗ്രസിന്റെ മീറ്റിംങിനായാണ് പി.ജെ ജോസഫും, ജോസ് കെ.മാണിയും, തോമസ് ചാഴികാടൻ എം.പിയും, ഇടുക്കി എം.പി ഡീൻകുര്യാക്കോസും അടക്കമുള്ളവർ എത്തിയത്.
കത്തോലിക്കാ സഭയുടെ വിവിധ ബിഷപ്പുമാരും ഇവിടെ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ഇവരെയെല്ലാം നേരിൽ കണ്ടതോടെയാണ് പി.ജെ ജോസഫ് ഊരിയവാൾ ഉറയിലിട്ടത്.
ജോസ് കെ.മാണിയ്ക്കും, തോമസ് ചാഴികാടനും ഒപ്പം വിവിധ സ്ഥലങ്ങളിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും , യോഗത്തിൽ പങ്കെടുക്കുകയും ജോസഫ് ചെയ്തിട്ടുണ്ട്.
ജോസഫിന്റെ എതിർപ്പിനെ വിശ്വസിച്ച് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയ്‌ക്കെതിരെ പ്രതിഷേധിക്കുകയും, പ്രകടനം നടത്തുകയും, പ്രവർത്തിക്കുകയും പ്രസ്താവന ഇറക്കുകയും ചെയ്ത പ്രവർത്തകരാണ് ഇതോടെ മണ്ടന്മാരായത്.